മന്ത്രിസഭാ യോഗത്തിനു ശേഷം ഇനി മന്ത്രിമാരുടെ തർക്കപരിഹാര യോഗം
Mail This Article
തിരുവനന്തപുരം ∙ ബുധനാഴ്ചകളിലെ മന്ത്രിസഭാ യോഗങ്ങൾക്കു ശേഷം ഇനി തർക്ക പരിഹാരത്തിനായി മന്ത്രിമാരുടെ യോഗവും. വിവിധ വകുപ്പുകൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനായാണ് മന്ത്രിമാർ യോഗം ചേരുക. ഇൗ യോഗത്തിലെ തീരുമാനങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കണം. തുടർന്ന് മുഖ്യമന്ത്രി ആവശ്യമെങ്കിൽ അന്തിമ തീരുമാനമെടുത്ത് തർക്കത്തിനു പരിഹാരമുണ്ടാക്കും.
-
Also Read
നാലു ദിവസം വ്യാപക മഴയ്ക്കു സാധ്യത
വകുപ്പുകൾ തമ്മിലുള്ള തർക്കം കാരണം സംസ്ഥാനത്തു മുടങ്ങുകയോ നീണ്ടു പോവുകയോ ചെയ്യുന്ന പദ്ധതികൾ ഒട്ടേറെയാണ്. ഉദ്യോഗസ്ഥർ തമ്മിൽ കത്തെഴുതുന്നതല്ലാതെ ഇത്തരം തർക്കങ്ങൾക്കു പലപ്പോഴും പരിഹാരമുണ്ടാകാറില്ല. ഇൗ സ്ഥിതിക്കു മാറ്റം വരുത്താനാണ് മന്ത്രിതല ഉപസമിതിക്കു സർക്കാർ രൂപം നൽകിയത്.
ധന, നിയമ, റവന്യു മന്ത്രിമാരാണു സമിതിയിലെ സ്ഥിരം അംഗങ്ങൾ. തർക്കമോ ഏകോപനമോ വേണ്ട വകുപ്പുകളിലെ മന്ത്രിമാർ യോഗത്തിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കണം. ചീഫ് സെക്രട്ടറിയാണു സമിതിയുടെ സെക്രട്ടറി. യോഗത്തിലെ തീരുമാനങ്ങളും ശുപാർശകളും ചീഫ് സെക്രട്ടറിയാണു മുഖ്യമന്ത്രിയെ അറിയിക്കേണ്ടത്.