ADVERTISEMENT

മേപ്പാടി ∙ മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ കാണാതായവരെ കണ്ടെത്താൻ നിലമ്പൂർ വരെ ചാലിയാറിന്റെ ഇരുകരകളിലും ഇന്ന് ഊർജിത തിരച്ചിൽ നടത്തുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെയാണു തിരച്ചിൽ. സൂചിപ്പാറ വെള്ളച്ചാട്ടങ്ങൾക്കു സമീപവും പരിശോധന നടത്തും. വനമേഖലകളിലെ തിരച്ചിലിനു ഡിഎഫ്ഒ നേതൃത്വം നൽകും.

മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. തൊഴിലുറപ്പ് പദ്ധതിയിലൂടെ ഇവിടെ 180 തൊഴിൽ ദിനങ്ങൾ ലഭ്യമാക്കും. തൊഴിലുറപ്പ് പദ്ധതി വഴിയുള്ള റോഡ് നിർമാണ പരിധി 10 % എന്നുള്ളത് വർധിപ്പിക്കും. തകർന്ന കെട്ടിടങ്ങളുടെ നഷ്ടപരിഹാരം കണക്കാക്കുന്നതിനു പൊതുമരാമത്ത് വകുപ്പ് ഇന്നു മുതൽ പരിശോധന നടത്തും. പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങൾ വിദഗ്ധർ പരിശോധിച്ചു തീരുമാനിക്കും. ദുരന്ത മേഖലയിൽ 24 മണിക്കൂറും മൊബൈൽ പൊലീസ് പട്രോൾ ശക്തിപ്പെടുത്തും. ചില സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ദുരന്ത ബാധിതരെ വിളിക്കുന്നതായി വിവരമുണ്ട്. ദുരിതബാധിതരെ മാനസികമായി തകർക്കുന്ന ഒരു നടപടിയും ഉണ്ടാകരുത്. ദുരന്ത ബാധിത പ്രദേശങ്ങളിലെ റേഷൻ കടകൾ വഴി സൗജന്യ റേഷൻ വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

താൽക്കാലിക പുനരധിവാസം, ഗ്രീൻ പ്രോട്ടോക്കോൾ പാലനം, മാലിന്യനിർമാർജനം, ഉപജീവന പദ്ധതികൾ, ക്യാംപുകളിലെ അടിസ്ഥാന സൗകര്യങ്ങൾ, കൗൺസലിങ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തദ്ദേശ സ്വയംഭരണ വകുപ്പ് നടപടി സ്വീകരിക്കും. രേഖകൾ നഷ്ടപ്പെട്ട ഒരാളും പേടിക്കേണ്ടെന്നു മന്ത്രി പറഞ്ഞു. മന്ത്രി എ.കെ.ശശീന്ദ്രനും മന്ത്രിസഭാ ഉപസമിതി യോഗത്തിൽ പങ്കെടുത്തു.

50 സെന്റ് കൂടി ഏറ്റെടുക്കും

ചൂരൽമല ∙ തിരിച്ചറിയപ്പെടാത്ത ശരീര ഭാഗങ്ങളുടെ സംസ്കാരം നടത്തുമെന്നു കെ.രാജൻ പറഞ്ഞു. 64 സെന്റ് ഭൂമിയിൽ മുഴുവൻ മൃതദേഹങ്ങളും സംസ്കരിക്കാൻ സാധ്യമല്ല. 158 ശരീര ഭാഗങ്ങൾ കൂടി മറവു ചെയ്യുന്നതിനു പുതുതായി ഏറ്റെടുക്കുന്ന 50 സെന്റ് ഭൂമി ഉപയോഗിക്കും. 30 മൃതദേഹങ്ങൾ ഇന്നലെ സംസ്കരിച്ചു.

അമിത് ഷായ്ക്കെതിരെ അവകാശലംഘന നോട്ടിസ്

ന്യൂഡൽഹി ∙ വയനാട്ടിലെ ഉരുൾപൊട്ടൽ സാധ്യത സംബന്ധിച്ചു കേരളത്തിനു മുൻകൂർ അറിയിപ്പു നൽകിയെന്ന് പാർലമെന്റിൽ പറഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ സിപിഐ അവകാശലംഘനത്തിനു നോട്ടിസ് നൽകി. പ്രസ്താവന തെറ്റാണെന്നു രാജ്യസഭാധ്യക്ഷൻ ജഗ്ദീപ് ധൻകറിനു നൽകിയ നോട്ടിസിൽ സിപിഐ കക്ഷിനേതാവ് പി.സന്തോഷ് കുമാർ ചൂണ്ടിക്കാട്ടി. 

പഠനത്തിന് എല്ലാ സൗകര്യവും ഒരുക്കുമെന്ന് മന്ത്രി ശിവൻകുട്ടി

കൊല്ലം ∙ വയനാട്ടിലെ ദുരന്ത മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു മുൻഗണന നൽകുമെന്നു മന്ത്രി വി.ശിവൻ‌കുട്ടി പറഞ്ഞു. ഇന്നു ദുരന്ത മേഖല സന്ദർശിക്കുന്ന മന്ത്രി ഉന്നതതല യോഗത്തിലും പങ്കെടുക്കും.

 20 ദിവസത്തിനുള്ളിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തുടങ്ങാനാണു ലക്ഷ്യമിടുന്നത്. ആദ്യ ദിവസങ്ങളിൽ കുട്ടികളെ മാനസികമായി ബലപ്പെടുത്തുക എന്ന ദൗത്യമാണു നടത്തുന്നത്. സ്കൂളുകളുടെ പുനർനിർമാണത്തിനു നടൻ മോഹൻലാൽ അടക്കമുള്ളവർ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. 

സർ‌ട്ടിഫിക്കറ്റുകൾ ഉൾപ്പെടെ നഷ്ടപ്പെട്ടവരുടെ പ്രയാസങ്ങളും ഉടനടി പരിഹരിക്കുമെന്നു മന്ത്രി പറഞ്ഞു.

English Summary:

Intensive search on Chaliyar coast today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com