വയനാട് ദുരന്തം: സർക്കാർ ജീവനക്കാർ 5 ദിവസത്തെ ശമ്പളം നൽകും
Mail This Article
തിരുവനന്തപുരം ∙ വയനാട് ദുരിതബാധിതരെ സഹായിക്കാൻ സർക്കാർ ജീവനക്കാർ 5 ദിവസത്തെ ശമ്പളം നൽകാമെന്നു സംഘടനകൾ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. തവണകളായി നൽകാനുള്ള സൗകര്യം വേണമെന്നും നിർബന്ധിതമാക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സർക്കാരിന്റെ പരിശോധനയിലാണ്.
സംഘടനാനേതാക്കളെ ക്ഷണിച്ചുവരുത്തിയാണു മുഖ്യമന്ത്രി അഭ്യർഥന വച്ചത്. ‘സാലറി ചാലഞ്ച്’ എന്ന പ്രയോഗമുണ്ടായില്ല. മാസം ഒരു ദിവസത്തെ ശമ്പളമെന്ന നിലയ്ക്ക് 5 തവണകളായി നൽകാൻ താൽപര്യപ്പെടുന്നവർക്ക് അതിനുള്ള അവസരം നൽകണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. ഒറ്റത്തവണയായി നൽകാനോ അഞ്ചിലേറെ ദിവസത്തെ ശമ്പളം നൽകാനോ ആഗ്രഹിക്കുന്നവർക്ക് അതുമാകാമെന്നും പറഞ്ഞു.
മരണം 227
മുണ്ടക്കൈ ∙ ദുരന്തത്തിന് ഒരാഴ്ച തികയുമ്പോൾ മരണം 227 ആയി. ഇന്നലെ മുണ്ടക്കൈ–ചൂരൽമല ഭാഗത്തുനിന്ന് 5 മൃതദേഹങ്ങളും ചാലിയാറിൽനിന്ന് ഒരു മൃതദേഹവും ലഭിച്ചു. ചാലിയാറിൽനിന്നു 2 ശരീരഭാഗങ്ങളും ലഭിച്ചു. തിരിച്ചറിയാത്ത 27 മൃതദേഹങ്ങളും 154 മൃതദേഹ ഭാഗങ്ങളും പുത്തുമലയിൽ ഹാരിസൺ പ്ലാന്റേഷൻ ശ്മശാനത്തിൽ സർവമതപ്രാർഥനയോടെ സംസ്കരിച്ചു. ഈ പ്രദേശം ദുരന്തത്തിന്റെ സ്മാരകമാക്കാൻ ആലോചനയുണ്ട്.