ADVERTISEMENT

കോഴിക്കോട് ∙ സർക്കാർ നിർദേശങ്ങളും കരാർ നിയമന ചട്ടങ്ങളും കാറ്റിൽപറത്തി കേരള മെഡിക്കൽ സർവീസസ് കോർപറേഷനിൽ 186 പേരെ നിയമിച്ചിട്ടുണ്ടെന്നു കണ്ടെത്തൽ. പത്രങ്ങളിലോ വെബ്സൈറ്റിലോ ഒരു വിജ്ഞാപനവും പ്രസിദ്ധീകരിക്കാതെ നിയമിക്കപ്പെട്ടവരിൽ 135 പേർ ഇപ്പോഴും വിവിധ തസ്തികകളിൽ ജോലി ചെയ്യുന്നുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി. കോർപറേഷനിലെ കരാർ–ദിവസവേതന ജീവനക്കാരുടെ സേവന വിവരങ്ങൾ സംബന്ധിച്ച് നടക്കുന്ന പരിശോധനയുടെ പ്രാഥമിക ഘട്ടത്തിൽ തന്നെയാണ് ഇത്രയും പിൻവാതിൽ നിയമനം നടന്നതു പുറത്തു വരുന്നത്.  

നിയമസഭയിൽ ചോദ്യം ഉന്നയിക്കപ്പെട്ട് ഒന്നര മാസത്തിനു ശേഷം ആരോഗ്യ മന്ത്രി വീണാ ജോർജ് നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ. സ്ഥിരപ്പെടുത്തൽ റദ്ദാക്കണം എന്ന് വിജിലൻസ് ഡയറക്ടർ ആവശ്യപ്പെട്ട ജീവനക്കാർക്കു വരെ ധനവകുപ്പിന്റെ പ്രത്യേക അംഗീകാരത്തോടെ ശമ്പള സ്കെയിൽ പരിഷ്കരിച്ച്, സർവീസ് ബുക്ക് ക്രമപ്പെടുത്തി നൽകിയതായും മന്ത്രിയുടെ മറുപടിയിൽ വ്യക്തമാണ്. 

പിഎസ്‌സിയുടെ പരിധിയിൽ വരാത്ത എല്ലാ നിയമനങ്ങളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയായിരിക്കണം എന്ന ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ് മെഡിക്കൽ സർവീസസ് കോർപറേഷനിൽ (കെഎംഎസ്‌സിഎൽ) 2023 ഏപ്രിൽ മാസം വരെ നടന്നതെന്നു രേഖകളിൽ വ്യക്തമാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി യോഗ്യതയുള്ള ഉദ്യോഗാർഥികളെ ലഭിച്ചില്ലെങ്കിൽ പത്ര പരസ്യം നൽകി ഉദ്യോഗാർഥികളെ ക്ഷണിക്കണം. എന്നിട്ടും ആളെ കിട്ടിയില്ലെങ്കിൽ മാത്രമേ നേരിട്ടു നിയമനം നടത്താൻ സാധിക്കൂ. 

തൊഴിലും പുനരധിവാസവും വകുപ്പിന്റെ 2004 ലെ ഉത്തരവ് കെഎംഎസ്‌സിഎൽ പാലിക്കാൻ തുടങ്ങിയതുതന്നെ 2023 ഏപ്രിൽ മുതലാണ്. അതിനു മുൻപേ നടന്ന നിയമനങ്ങളിൽ ജീവനക്കാരുടെ യോഗ്യത പരിശോധിക്കുകയോ ഒഴിവുകൾ സംബന്ധിച്ച പത്ര പരസ്യം നൽകി അപേക്ഷകരെ ക്ഷണിക്കുകയോ ഉണ്ടായിട്ടില്ല. 

ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി സ്ഥിര നിയമനം ലഭിച്ച 9 ജീവനക്കാരുടെയും കരാർ അടിസ്ഥാനത്തിലുള്ള 669 ജീവനക്കാരുടെയും ദിവസവേതന അടിസ്ഥാനത്തിലുള്ള 39 ജീവനക്കാരുടെയും ഔട്ട്സോഴ്സ് അടിസ്ഥാനത്തിലുള്ള 161 ജീവനക്കാരുടെയും നിയമന രേഖകളാണ് പരിശോധിക്കുന്നത്.

English Summary:

Backdoor Recruitment in Medical Services Corporation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com