ശബരി റെയിൽ വൈകുന്നത് കേരളം എസ്റ്റിമേറ്റ് അംഗീകരിക്കാത്തതിനാൽ: റെയിൽവേ മന്ത്രി
Mail This Article
മൂവാറ്റുപുഴ ∙ സംസ്ഥാന സർക്കാർ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കാത്തതു കൊണ്ടാണ് ശബരി റെയിൽ പദ്ധതിയുടെ നിർമാണം അനന്തമായി നീളുന്നതെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ശബരി റെയിൽ പാതയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് റെയിൽ പാത കടന്നു പോകുന്ന ലോക്സഭാ മണ്ഡലങ്ങളായ ചാലക്കുടി, ഇടുക്കി, കോട്ടയം, പത്തനംതിട്ട പാർലമെന്റ് മണ്ഡലങ്ങളിലെ എംപിമാർ ഒരുമിച്ച് കേന്ദ്ര മന്ത്രിയെ നേരിൽ കണ്ടു നിവേദനം നൽകിയപ്പോഴാണു സംസ്ഥാന സർക്കാർ നിലപാടിനെ മന്ത്രി കുറ്റപ്പെടുത്തിയത്.
ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, ആന്റോ ആന്റണി എന്നിവർ ചേർന്നാണു അശ്വിനി വൈഷ്ണവിനു ഡൽഹിയിൽ നിവേദനം നൽകിയത്. ചെങ്ങന്നൂർ -പമ്പ റെയിൽവേ പദ്ധതി കേരള സർക്കാരോ, പൊതുജനങ്ങളോ നിർദേശിച്ചിട്ടില്ലെന്നും ചെങ്ങന്നൂർ -പമ്പ പദ്ധതി ശബരിമലയുടെ തൊട്ടടുത്ത് വരെ പോകുന്നു എന്ന കേന്ദ്ര മന്ത്രിയുടെ മറുപടി സ്വീകാര്യമല്ലെന്നും എംപിമാർ വ്യക്തമാക്കി. ശബരി പദ്ധതി പമ്പ വരെയായിരുന്നു നിശ്ചയിച്ചതെങ്കിലും വനംവകുപ്പിന്റെ എതിർപ്പ് കാരണമാണ് എരുമേലി വരെയായി പുനർനിർണയിച്ചതെന്നും നിവേദനത്തിൽ പറഞ്ഞു.