ADVERTISEMENT

മുണ്ടക്കൈ ∙ ദുരിതബാധിതർക്കുള്ള താൽക്കാലിക പുനരധിവാസം വേഗത്തിലാക്കാൻ നടപടികളുമായി ജില്ലാ ഭരണകൂടം. സ്കൂളുകളിലെ ക്യാംപിൽ കഴിയുന്നവരെ കൂടുതൽ മികച്ച സൗകര്യങ്ങളുള്ള കെട്ടിടങ്ങളിലേക്കു മാറ്റിപ്പാർപ്പിക്കാനാണു ശ്രമം. ടൗൺഷിപ് ഉയരുന്നതുവരെ ഈ കെട്ടിടങ്ങളിലാണു താൽക്കാലിക പുനരധിവാസം. ഇതിനായി കെട്ടിടങ്ങൾ കണ്ടെത്താൻ നടപടി തുടങ്ങിയതായി മന്ത്രി കെ.രാജൻ പറഞ്ഞു.

ഒഴിഞ്ഞു കിടക്കുന്ന സർക്കാർ - സ്വകാര്യ കെട്ടിടങ്ങൾ, വീടുകൾ, റിസോർട്ടുകൾ എന്നിവ ഒരാഴ്ചയ്ക്കകം കണ്ടെത്താനാണു തീരുമാനം. കാണാതായവരുടെ വിവരശേഖരണം ഊർജിതമായി നടക്കുന്നു. റേഷൻ കാർഡിലെ അംഗങ്ങളുടെ വിവരങ്ങൾ പരിശോധിക്കുന്നുണ്ട്. ആശാവർക്കർമാർ, ജനപ്രതിനിധികൾ തുടങ്ങിയവരുടെ സേവനവും ഉപയോഗപ്പെടുത്തും. ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, അട്ടമല തുടങ്ങിയ പ്രദേശങ്ങളിൽ മന്ത്രി സന്ദർശനം നടത്തി. മന്ത്രി എ.കെ.ശശീന്ദ്രനും ഒപ്പമുണ്ടായിരുന്നു.

ക്വാർട്ടേഴ്സുകൾ നൽകും

തിരുവനന്തപുരം ∙ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ താമസിപ്പിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ ഒഴിഞ്ഞുകിടക്കുന്ന ക്വാർട്ടേഴ്സുകൾ വിട്ടുകൊടുക്കാൻ തീരുമാനിച്ചതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. കൽപറ്റയിൽ 15, പടിഞ്ഞാറത്തറയിൽ 6, ബത്തേരിയിൽ 2, കാരാപ്പുഴയിൽ 4 എന്നിങ്ങനെയാണ് അനുവദിക്കുക. 

ഓരോ വീടും കെട്ടിടവും സന്ദർശിക്കണം

തിരുവനന്തപുരം∙ ദുരന്തമുണ്ടായ മേഖലയിൽ വാസയോഗ്യമായ എത്ര കെട്ടിടങ്ങൾ ബാക്കിയുണ്ട് എന്നറിയാൻ ദുരന്തനിവാരണ വകുപ്പ് ഇന്നു മുതൽ പരിശോധന നടത്തും.  കോട്ടപ്പടി, വെള്ളാർമല, തൃക്കൈപ്പറ്റ വില്ലേജുകളെയാണു ദുരന്തബാധിതമായി പ്രഖ്യാപിച്ചിരുന്നത്. 10 സംഘങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. പഞ്ചായത്തംഗം, ജിയോളജിസ്റ്റ്, സിവിൽ എൻജിനീയർ, ഹെൽത്ത് ഇൻസ്പെക്ടർ, തഹസിൽദാരുടെ പ്രതിനിധി എന്നിവരാണു സംഘത്തിലുണ്ടാവുക. തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർ, എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവർ റിപ്പോർട്ടുകൾ പരിശോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കു കൈമാറും.

കെട്ടിടങ്ങൾ  സന്ദർശിച്ച് തറ, ഭിത്തി, മേൽക്കൂര എന്നിവയുടെ ബലം പരിശോധിക്കും. എത്രമാത്രം കെട്ടിടാവശിഷ്ടങ്ങളുണ്ടെന്നും അവ നിലവിലെ കെട്ടിടത്തെ എങ്ങനെ ബാധിക്കുമെന്നും വിലയിരുത്തണം. ഇവിടെ ആരോഗ്യപരമായി താമസിക്കാനാകുമോ എന്നും പരിശോധിക്കണം. 

വെള്ളാർമല ഗവ. സ്കൂൾ അതേപേരിൽ പണിയും

കൽപറ്റ ∙ മുണ്ടക്കൈ– ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ് പ്രദേശത്ത് വെള്ളാർമല ജിവിഎച്ച്എസ്എസ് അതേ പേരിൽത്തന്നെ പുനർനിർമിക്കും. ഉരുൾ‌പൊട്ടലിൽ തകർന്ന മുണ്ടക്കൈ ജിഎൽപി സ്കൂളും ഇതേ മാതൃകയിൽ പുനർനിർമിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മുണ്ടക്കൈ സ്കൂൾ പുനർനിർമാണത്തിനു നടൻ മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ 3 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്.

വെള്ളാർമല സ്കൂളിലെ 552 കുട്ടികൾക്കും മുണ്ടക്കൈ ജിഎൽപി സ്കൂളിലെ 62 കുട്ടികൾക്കും തുടർപഠനത്തിനായി മേപ്പാടി എച്ച്എസ്എസ്, മേപ്പാടി ജിഎൽപിഎസിനോടു ചേർന്ന എപിജെ ഹാൾ എന്നിവയിൽ സൗകര്യമൊരുക്കും. 20 ദിവസത്തിനകം ക്ലാസുകൾ പുനരാരംഭിക്കും.സ്കൂളുകളിൽ ഉരുൾപൊട്ടലുണ്ടാക്കിയ നാശനഷ്ടങ്ങളുടെ കണക്കെടുക്കാൻ  വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി. സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്കായി പ്രത്യേക ക്യാംപുകൾ നടത്തും. ക്യാംപിലെ വിദ്യാർഥികൾക്ക് കൗൺസലിങ് നൽകുമെന്നും അധികൃതർ അറിയിച്ചു.

മരിച്ചത് 36 കുട്ടികൾ

∙ ദുരന്തത്തിൽ അൺ എയ്ഡഡ് സ്കൂളുകളിലേത് ഉൾപ്പെടെ 36 കുട്ടികൾ മരിക്കുകയും 17 കുട്ടികളെ കാണാതാകുകയും ചെയ്തതായി വിദ്യാഭ്യാസ വകുപ്പ്. 316 കുട്ടികളെ 10  ക്യാംപുകളിലായി മാറ്റി താമസിപ്പിച്ചു. 5 കുട്ടികൾ ചികിത്സയിലാണ്. വെള്ളാർമല, മുണ്ടക്കൈ സ്കൂളുകളിലെ 61 കുട്ടികൾ  ബന്ധുവീടുകളിലും 166 പേർ സ്വന്തം വീടുകളിലുമാണ്. 276 വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾ നഷ്ടമായി. 438 കുട്ടികൾക്കു മറ്റ് പഠനോപകരണങ്ങളും നഷ്ടമായി. ക്ലാസുകൾ ആരംഭിക്കുന്നതിനു മുന്നോടിയായി സ്കൂളിലെ അധ്യാപകർക്കു വിദഗ്ധരുടെ സഹായത്തോടെ പരിശീലനം നൽകും.

English Summary:

Rehabilitation for Wayanad landslide victims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com