എസ്എൻഡിപി ശാഖകൾ പിടിച്ചെടുത്ത് സ്വാധീനമുറപ്പിക്കാൻ സിപിഎം
Mail This Article
ആലപ്പുഴ ∙ ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ വോട്ട് ചോർച്ച ആവർത്തിക്കാതിരിക്കാൻ എസ്എൻഡിപി ശാഖകളിൽ സ്വാധീനമുറപ്പിക്കാൻ സിപിഎം നീക്കം തുടങ്ങി. മുഹമ്മ മേഖലയിൽ കഴിഞ്ഞദിവസം നടന്ന ശാഖാ ഭരണസമിതി തിരഞ്ഞെടുപ്പിൽ നിലവിലുള്ള ഭരണസമിതിയുടെ പാനലിനെതിരെ സിപിഎം പ്രവർത്തകർ അവതരിപ്പിച്ച പാനൽ വിജയിച്ചു. എസ്എൻഡിപി യോഗവുമായി പാർട്ടിക്കു പ്രശ്നമൊന്നും ഇല്ലെന്നും ശാഖകൾ പിടിക്കാൻ ആലോചിക്കുന്നില്ലെന്നും ഒരു വശത്തു നേതാക്കൾ പറയുമ്പോഴാണ് അതിനു വിരുദ്ധമായി അപ്രതീക്ഷിത നീക്കമുണ്ടായത്.
കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയനു കീഴിലെ ചാരമംഗലം 539ാം നമ്പർ ശാഖയിലാണ് ഔദ്യോഗിക പാനലിനെ വെല്ലുവിളിച്ചു സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തിൽ പാനൽ അവതരിപ്പിച്ചത്. പാർട്ടിക്കാർക്കു മേൽക്കൈയുള്ള പാനൽ വന്നതോടെ ഔദ്യോഗിക വിഭാഗം പാനൽ പിൻവലിച്ചു. ഇതോടെ മറുപക്ഷത്തിന് എതിരില്ലാതായി.
സിപിഎം ലോക്കൽ കമ്മിറ്റിയംഗം ജി.മുരളിയാണു പുതിയ സെക്രട്ടറി. സിപിഎമ്മിന്റെ 2 ബ്രാഞ്ച് സെക്രട്ടറിമാർ കമ്മിറ്റിയിലുണ്ട്. ഒരാൾ യൂണിയൻ പ്രതിനിധിയാകും. പൊതുയോഗ നടപടികൾ നിരീക്ഷിച്ചു പാർട്ടി ലോക്കൽ നേതാക്കൾ സമീപത്തുതന്നെ ഉണ്ടായിരുന്നെന്നും പറയുന്നു.
ഔദ്യോഗിക പാനലിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉൾപ്പെടുത്തിയിരുന്ന റാവുവാണു സിപിഎം ആശീർവാദത്തോടെയുള്ള പാനലിലെ പ്രസിഡന്റ്. പാർട്ടിക്കാർ ഉൾപ്പെട്ട പാനലിൽ പ്രസിഡന്റായി ആദ്യം ഉൾപ്പെടുത്തിയതു ജി.മുരളിയെയാണ്. പ്രസിഡന്റ് സ്ഥാനത്തിൽ താൽപര്യമുണ്ടെന്ന് ഔദ്യോഗിക പാനലിലെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായ റാവു അറിയിച്ചതോടെ അദ്ദേഹത്തെ പ്രസിഡന്റും മുരളിയെ സെക്രട്ടറിയുമാക്കി. റാവുവും പാർട്ടി അംഗമാണ്.
യഥാർഥ ശ്രീനാരായണീയരെ ഒഴിവാക്കിയെന്നും പാർട്ടി തീരുമാനമെന്നു പറഞ്ഞു ചിലർ ഭീഷണിയുടെ രീതിയിലാണു പാനൽ അവതരിപ്പിച്ചതെന്നും ആരോപണമുയർന്നു. ഇതിനെതിരെ യോഗം നേതൃത്വത്തിനു പരാതി നൽകാൻ മുൻ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ നീക്കം തുടങ്ങിയതായാണ് സൂചന.
എസ്എൻഡിപി യോഗത്തോടുള്ള സമീപനം: സിപിഎമ്മിൽ രണ്ട് അഭിപ്രായം
എസ്എൻഡിപി യോഗത്തോടുള്ള സമീപനത്തിൽ സിപിഎമ്മിന്റെ ഉന്നത നേതൃത്വം രണ്ട് തട്ടിലാണെന്നാണു നേതാക്കളുടെ പ്രതികരണങ്ങളിൽനിന്നു വ്യക്തം. പാർട്ടി നിലപാടെന്ന പേരിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ യോഗ നേതൃത്വത്തിനെതിരെ പലതവണ രൂക്ഷമായി പ്രതികരിച്ചിരുന്നു. നവോത്ഥാന സംരക്ഷണ സമിതി ചെയർമാൻ സ്ഥാനത്തുനിന്നു വെള്ളാപ്പള്ളി നടേശനെ മാറ്റണമെന്ന അഭിപ്രായവും പാർട്ടിയിൽ ഒരു വിഭാഗത്തിനുണ്ട്.
എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ യോഗ നേതൃത്വത്തിനെതിരെ ഒരിക്കൽ പോലും പ്രതികരിച്ചിട്ടില്ല. സമിതി ചെയർമാനെ മാറ്റണമെന്ന ആവശ്യം പരിഗണിച്ചിട്ടുമില്ല. ജില്ലയിലെ പാർട്ടിയിലും ഇക്കാര്യത്തിൽ രണ്ടഭിപ്രായമുണ്ട്. തിരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ പ്രതികരണങ്ങളിൽ ഇതു പ്രതിഫലിച്ചിരുന്നു. എൽഡിഎഫിനു വോട്ട് കുറഞ്ഞതു പിന്നാക്ക സമുദായങ്ങൾ കൈവിട്ടതിനാലാണെന്ന നിലപാടാണു ജില്ലയിലെ ഔദ്യോഗിക നേതൃത്വത്തിന്. അതിന്റെ പേരിൽ എസ്എൻഡിപി യോഗത്തെയും ജനറൽ സെക്രട്ടറിയെയും കുറ്റപ്പെടുത്തേണ്ടതില്ലായിരുന്നു ഒരു വിഭാഗത്തിന്റെ അഭിപ്രായം.