രാഹുലിനെ കാണാനെത്തിയവരെ പാർലമെന്റിൽ തടഞ്ഞു; ടി.എൻ.പ്രതാപനെയും മത്സ്യത്തൊഴിലാളി പ്രതിനിധികളെയും റിസപ്ഷനിലെത്തി കണ്ടു
Mail This Article
ന്യൂഡൽഹി ∙ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്കെത്തിയ മത്സ്യത്തൊഴിലാളി കോൺഗ്രസ് പ്രതിനിധികൾക്കു പാർലമെന്റിലേക്കു പ്രവേശനം നിഷേധിച്ചതിനെച്ചൊല്ലി വിവാദം. കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.എൻ.പ്രതാപന്റെ നേതൃത്വത്തിലുള്ള 14 അംഗ സംഘത്തിനാണ് പാർലമെന്റിൽ രാഹുലിന്റെ ഓഫിസിലേക്കു പ്രവേശനം നിഷേധിക്കപ്പെട്ടത്. ഇവർക്കു പ്രവേശനം നൽകണമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർലയുടെ ഓഫിസിനോട് രാഹുൽ ആവശ്യപ്പെട്ടെങ്കിലും അനുമതി ലഭിച്ചില്ല. പാർലമെന്റിന്റെ റിസപ്ഷനിൽ ഉച്ചയ്ക്ക് മൂന്നിനു സംഘമെത്തിയെങ്കിലും അറിയിപ്പൊന്നും ലഭിച്ചില്ലെന്നറിയിച്ച് അധികൃതർ കൈമലർത്തി.
താൻ മുൻ പാർലമെന്റ് അംഗമാണെന്ന് പ്രതാപൻ അറിയിച്ചെങ്കിലും ഫലംകണ്ടില്ല. ഒടുവിൽ, എംപിമാരായ കെ.സി.വേണുഗോപാൽ, ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ്, ഗൗരവ് ഗൊഗോയ് തുടങ്ങിയവർക്കൊപ്പം റിസപ്ഷനിലെത്തിയാണു രാഹുൽ കൂടിക്കാഴ്ച നടത്തിയത്. ശ്രീലങ്ക തടവിലാക്കിയ 93 മത്സ്യത്തൊഴിലാളികളെയും 178 ബോട്ടുകളും വിട്ടുകിട്ടാൻ കേന്ദ്ര സർക്കാരിനു മേൽ സമ്മർദം ചെലുത്തണമെന്നു സംഘം ആവശ്യപ്പെട്ടു. ഇതടക്കം വിവിധ വിഷയങ്ങളുന്നയിച്ച് മത്സ്യത്തൊഴിലാളി കോൺഗ്രസ് അംഗങ്ങൾ ജന്തർ മന്തറിൽ ധർണയും പാർലമെന്റ് മാർച്ചും നടത്തി.