ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടൽ: ‘അമ്മ’യ്ക്ക് അഭിപ്രായമില്ലെന്ന് സിദ്ദിഖ്
Mail This Article
കൊച്ചി ∙ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണോ വേണ്ടയോ എന്നതിൽ ‘അമ്മ’യ്ക്കു പ്രത്യേക അഭിപ്രായമില്ലെന്നു ജനറൽ സെക്രട്ടറി സിദ്ദിഖ്. ഹേമ കമ്മിറ്റി റിപ്പോർട്ട് ‘അമ്മ’യുമായി ബന്ധപ്പെട്ടതല്ല. റിപ്പോർട്ട് എന്താണെന്ന് അന്വേഷിച്ചിട്ടില്ല. റിപ്പോർട്ട് പുറത്തു വിടരുത് എന്നാവശ്യപ്പെട്ടു കോടതിയിലുള്ള ഹർജിയിൽ ‘അമ്മ’യ്ക്കു പങ്കില്ല. സംഘടനയ്ക്കുള്ളിൽ ഉയരുന്ന പരാതികളിൽ ‘അമ്മ’യുടെ ഇടപെടൽ ഉണ്ടായിട്ടുണ്ട്.
ചലച്ചിത്ര പ്രവർത്തകരെ ആക്ഷേപിക്കാനുള്ള പ്രവണത കുറച്ചു നാളുകളായുണ്ട്. എന്തും പറഞ്ഞ് ആരെയും മാനസികമായി വേദനിപ്പിക്കാനുള്ള സ്വാതന്ത്ര്യം നമുക്കില്ല. 'ചെകുത്താൻ' എന്നറിയപ്പെടുന്ന യുട്യൂബർ മോഹൻലാലിനെ അധിക്ഷേപിച്ചതിന് അറസ്റ്റിലാതിനെ കുറിച്ചായിരുന്നു സിദ്ദിഖിന്റെ പ്രതികരണം.
‘‘മോഹൻലാൽ വയനാട്ടിലെ ദുരന്തബാധിത മേഖല സന്ദർശിച്ചതു പബ്ലിസിറ്റിക്കു വേണ്ടിയല്ല. ടെറിട്ടോറിയൽ ആർമിയുടെ ഭാഗമായതു കൊണ്ടാണു മോഹൻലാലിന് വയനാടു സന്ദർശിക്കാൻ സാധിച്ചത്. എന്താണ് അവിടെ നടന്നതെന്ന് മനസ്സിലാക്കാൻ നടത്തിയ സന്ദർശനം ഒരു പുണ്യ പ്രവൃത്തിയാണ്. വാർത്താ പ്രാധാന്യം നോക്കി ആയിരുന്നില്ല സന്ദർശനം. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കുന്നതിന് പകരം വ്യക്തിപരമായി അധിക്ഷേപിക്കുന്നതു കണ്ടു മനസ്സ് വേദനിച്ചതു കൊണ്ടാണു ഞാൻ പൊലീസിനു പരാതി നൽകിയത്’’ – അദ്ദേഹം പറഞ്ഞു.
സിനിമ നിർമിക്കാനുള്ള തീരുമാനം ‘അമ്മ’ എടുത്തിട്ടില്ലെന്നും വെബ് സീരീസോ ചെറിയ ബജറ്റിലുള്ള സിനിമയോ നിർമിക്കുന്നത് ആലോചനയിലാണെന്നും സിദ്ദിഖ് പറഞ്ഞു.