വഴിയരികിൽ കണ്ട നായയെ പരിചരിച്ച യുവാക്കൾ കുടുങ്ങി
Mail This Article
അടിമാലി ∙ അവശനായി കിടന്ന നായയെ കണ്ട് ആരുടെയോ വളർത്തുനായയെന്നു കരുതി യുവാക്കൾ പരിചരിച്ചത് പേവിഷ ബാധയുള്ള നായയെ. കൊരങ്ങാട്ടിയിൽ നിന്നുള്ള നാലംഗ സംഘത്തിനാണ് നായസ്നേഹം പൊല്ലാപ്പായത്. നായയ്ക്കു പേവിഷബാധയുണ്ടെന്നു വെറ്ററിനറി ഡോക്ടർ സ്ഥിരീകരിച്ചതോടെ അങ്കലാപ്പിലായ യുവാക്കൾ ഇന്നലെ രാവിലെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തി പ്രതിരോധ കുത്തിവയ്പെടുത്തു.
സുഹൃത്തുക്കളായ യുവാക്കൾ വെള്ളിയാഴ്ച വൈകിട്ട് 6.30നു കൊരങ്ങാട്ടി സിറ്റിയിൽ ഒത്തുകൂടിയപ്പോഴാണ് അവശനിലയിൽ നായയെ കണ്ടത്. കഴുത്തിൽ ബെൽറ്റ് കണ്ടതോടെ വളർത്തുനായ ആണെന്ന് ഉറപ്പിച്ചു. തൊണ്ടയിൽ എന്തോ കുടുങ്ങിയതാണ് അവശതയ്ക്കു കാരണമെന്ന് സംഘം അനുമാനിച്ചു. ഇതോടെ തൊണ്ടയിൽ കുരുങ്ങിയ സാമഗ്രി നീക്കം ചെയ്യാൻ സംഘം ശ്രമം ആരംഭിച്ചു.
2 പേർ ചേർന്ന് നായയെ നിലത്തു കിടത്തിയ ശേഷം മറ്റു രണ്ടു പേർ നായയുടെ വായ പൊളിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്ന് അടിമാലി അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. എന്നാൽ തങ്ങൾക്ക് ഒന്നും ചെയ്യാനാകില്ലെന്നും മൃഗാശുപത്രിയെ സമീപിക്കുകയാണു നല്ലതെന്നും അധികൃതർ അറിയിച്ചു.
ഇതോടെ നായയെ അടുത്തുള്ള മരത്തിൽ കെട്ടി ചിത്രം എടുത്ത് വാട്സാപ് ഗ്രൂപ്പിൽ ഷെയർ ചെയ്തു. തുടർന്ന് നായയ്ക്ക് ഇവർ കാവൽ ഇരിക്കുന്നതിനിടെ നായയുടെ ഉടമസ്ഥർ അന്വേഷിച്ചെത്തി. നായയെ തിരിച്ചു കിട്ടിയ സന്തോഷത്തിൽ നന്ദി പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി. ഇന്നലെ രാവിലെ ഉടമ മൃഗാശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോഴാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. ഇതോടെ ഉടമയോടും ബന്ധപ്പെട്ടവരോടും അടിയന്തരമായി പേവിഷ പ്രതിരോധ കുത്തിവയ്പ് എടുക്കാൻ വെറ്ററിനറി സർജൻ നിർദേശിക്കുകയായിരുന്നു.