കേരളത്തെ ലക്ഷ്യമിട്ട് വീണ്ടും രാജ്യാന്തര തട്ടിപ്പ് കോളുകൾ; സമൂഹ മാധ്യമ തട്ടിപ്പുകൾ വ്യാപകമാകുന്നു
Mail This Article
പത്തനംതിട്ട ∙ ഓൺലൈൻ, ഫോൺ കോൾ, സമൂഹ മാധ്യമ തട്ടിപ്പുകൾ വ്യാപകമാകുന്നതായി പരാതി. കഴിഞ്ഞദിവസം കോഴഞ്ചേരി സ്വദേശിക്കാണ് ഇത്തരത്തിൽ പാക്കിസ്ഥാനിൽനിന്ന് ഫോൺ കോൾ വന്നത്. കഴിഞ്ഞ ദിവസം യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ അധ്യക്ഷൻ ഡോ.ഗീവർഗീസ് മാർ കൂറിലോസിനെ കബളിപ്പിച്ച് ഓൺലൈനിൽ പണം തട്ടിയെടുത്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ പൊലീസ് മേധാവി ഓൺലൈൻ തട്ടിപ്പിനെതിരെ ജാഗ്രത വേണമെന്ന് അറിയിച്ചിരുന്നു. അതിനിടെയാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ വീണ്ടും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
യുകെയിലുള്ള മകൻ അവിടെ പൊലീസ് കസ്റ്റഡിയിലാണെന്നും വിട്ടുകിട്ടണമെങ്കിൽ ഉടൻ 50,000 രൂപ അയയ്ക്കണമെന്നുമായിരുന്നു ഫോണിൽ വിഡിയോ കോളിലൂടെ ലഭിച്ച വിവരം. പാക്കിസ്ഥാൻ നമ്പറിൽ നിന്നാണ് വിളിച്ചത്. ഇവർ ഹിന്ദിയിലാണ് സംസാരിച്ചത്. സംശയം തോന്നിയ ഗൃഹനാഥൻ ഉടൻതന്നെ മകനെ ഫോണിൽ വിളിച്ച് കാര്യം തിരക്കി. ഇത്തരത്തിൽ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും താൻ സുരക്ഷിതനാണെന്നും അറിയിച്ചു. തുടർന്ന് ഇദ്ദേഹം കോൾ വന്ന നമ്പറിൽ തിരിച്ചു വിഡിയോ കോൾ ചെയ്തു. ആദ്യം ഫോൺ എടുത്തില്ലെങ്കിലും പിന്നീട് 10 വയസ്സു തോന്നിക്കുന്ന കുട്ടി വിഡിയോ കോൾ എടുത്തു. കുട്ടിയുടെ പിന്നിൽ ആളുകളെ കണ്ടെങ്കിലും അവർ കോൾ കട്ടാക്കുകയായിരുന്നു. പിന്നീട് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് അദ്ദേഹം പറയുന്നു.
ഇതിനു തൊട്ടുപിന്നാലെ ഇന്നലെ ഉച്ചയോടെ മറ്റൊരു നമ്പറിൽനിന്ന് ടെലികോം സെന്ററിൽനിന്നാണെന്നും നിങ്ങളുടെ ഫോൺ കണക്‌ഷനുകൾ ഉടൻ വിച്ഛേദിക്കുമെന്നു പറഞ്ഞ് മറ്റൊരു കോളും വന്നു. 9 എന്ന അക്കം അമർത്താനും ആവശ്യപ്പെട്ടു. തട്ടിപ്പ് മനസ്സിലായതിനാൽ ഉടൻതന്നെ കോൾ കട്ടാക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സൈബർ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.