ADVERTISEMENT

കോട്ടയം ∙ പൊലീസ് ചമഞ്ഞ്  വീട്ടിൽ നേരിട്ടെത്തി അറസ്റ്റ് വാറന്റുണ്ടെന്നു പറഞ്ഞ് ഗൃഹനാഥനിൽ നിന്നു പണം തട്ടാൻ ശ്രമം. തട്ടിപ്പുസംഘത്തിന്റെ നീക്കം പൊളിച്ച് സമീപവാസിയായ വീട്ടമ്മ.

പൊലീസെന്ന വ്യാജേന വീട്ടിലെത്തിയ രണ്ടംഗ സംഘമാണ് മാങ്ങാനത്തെ വീട്ടിലെത്തി 69 വയസ്സുള്ള ഗൃഹനാഥനിൽനിന്നു പണം തട്ടാൻ ശ്രമിച്ചത്. കോട്ടയം ഈസ്റ്റ് സ്റ്റേഷനിൽ നിന്നാണെന്നും പാലക്കാട്ടു നടന്ന അടിപിടിക്കേസിൽ ഗൃഹനാഥനെതിരെ കേസുണ്ടെന്നും വാറന്റ് അയച്ചിട്ടും ഇതുവരെ കോടതിയിൽ ഹാജരാകാത്തതിനാൽ അറസ്റ്റ് വാറന്റുമായി എത്തിയതാണെന്നും പറഞ്ഞു. പാലക്കാട്ട് പോവുക പോലും ചെയ്യാത്ത ഗൃഹനാഥൻ ഇത്തരമൊരു കേസിൽ പ്രതിയല്ലെന്ന് സമീപവാസികളടക്കം പറഞ്ഞു. ഇതോടെ ഗൃഹനാഥന്റെ ആധാർ കാർഡ് കാണിക്കണമെന്നായി തട്ടിപ്പുസംഘം. 

സമീപവാസിയായ വീട്ടമ്മ തട്ടിപ്പുസംഘത്തോട് കൂടുതൽ വിവരങ്ങൾ ആരാഞ്ഞു. ഈസ്റ്റ് സ്റ്റേഷനിൽ തന്റെ ബന്ധുക്കളുണ്ടെന്നും അവരെ അറിയുമോയെന്നും ചോദിച്ചു. ഒപ്പമുള്ളത് പാലക്കാട്ടു നിന്നെത്തിയ പൊലീസ് ഉദ്യോഗസ്ഥനാണെന്നും താൻ ചുമതലയേറ്റിട്ടു നാലു ദിവസം മാത്രമേ ആയിട്ടുള്ളൂ എന്നുമായിരുന്നു മറുപടി.

തുടർന്ന്, കേസ് പിഴയടച്ചു തീർക്കാമെന്നും വാട്സാപ്പിൽ അക്കൗണ്ട് നമ്പർ അയയ്ക്കാമെന്നും പറഞ്ഞ് രണ്ടംഗസംഘം മടങ്ങി. പിന്നീട് ഫോണിൽ തട്ടിപ്പു സംഘവുമായി ഗൃഹനാഥൻ സംസാരിച്ചു. തന്റെ ഫോണിൽ വാട്സാപ്പില്ലാത്തിനാൽ സമീപത്തെ വീട്ടമ്മയുടെ വാട്സാപ് നമ്പറിൽ അക്കൗണ്ട് നമ്പർ നൽകാൻ ഗൃഹനാഥൻ പറഞ്ഞു. 

വീട്ടമ്മ അഭിഭാഷകനുമായി ആലോചിച്ച ശേഷം, കേസ് നമ്പർ വേണമെന്ന് രണ്ടംഗ സംഘത്തോട് ആവശ്യപ്പെട്ടു. തുടർന്ന്, കേസ് എഴുതിത്തള്ളിയെന്നും ഇനി ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും മറുപടി നൽകി തട്ടിപ്പുകാർ തടിതപ്പുകയായിരുന്നു.

English Summary:

Tried to extort money by mislead as police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com