തേയിലത്തോട്ടത്തിൽനിന്ന് 23 ചന്ദനമരങ്ങൾ മോഷ്ടിച്ചു
Mail This Article
കുമളി ∙ സ്വകാര്യ തേയിലത്തോട്ടത്തിൽ നിന്നിരുന്ന 23 ചന്ദനമരങ്ങൾ ഒരു വർഷത്തിനുള്ളിൽ മോഷണം പോയി; പരാതി ലഭിച്ചതോടെ വനം വകുപ്പ് അന്വേഷണം തുടങ്ങി. വാളാർഡി നെല്ലിമല എസ്റ്റേറ്റിൽ നിന്നാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പലപ്പോഴായി ചന്ദനമരങ്ങൾ മോഷ്ടിക്കപ്പെട്ടത്. വണ്ണം കുറഞ്ഞ മരങ്ങളാണ് മുറിച്ചു കടത്തിയത്. എസ്റ്റേറ്റിന്റെ അതിർത്തിയോടു ചേർന്നു കാടുകയറിയ നിലയിലുള്ള പ്രദേശത്താണ് ചന്ദനമരങ്ങൾ നിന്നിരുന്നത്. മുൻപ് കാപ്പി കൃഷി ചെയ്തിരുന്ന പ്രദേശമായിരുന്നു.
കൃത്യമായ പരിചരണമില്ലാതിരുന്നതിനാൽ കാടുകയറി. അതിനാൽ മരങ്ങൾ മോഷ്ടിക്കപ്പെട്ടത് ആരുടെയും ശ്രദ്ധയിൽപെട്ടില്ല. ഇടുക്കി ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒ എസ്.സന്ദീപിന് ലഭിച്ച പരാതിയെത്തുടർന്ന് ഫോറസ്റ്റ് റേഞ്ച് ഓഫിസർ പ്രിയ ടി.ജോസ്, ഡപ്യൂട്ടി റേഞ്ച് ഓഫിസർ സജി തോമസ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ഷിനോജ്മോൻ ജോസുകുട്ടി, അഖിൽ ദാസ് തുടങ്ങിയവരാണ് പരിശോധന നടത്തിയത്.