വനം വകുപ്പിലെ സ്ഥലംമാറ്റത്തിൽ സിപിഎം ഇടപെടൽ; സ്ഥലംമാറ്റ പട്ടിക മുഖ്യമന്ത്രി തിരിച്ചയച്ചു
Mail This Article
കോഴിക്കോട് ∙ വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളിൽ സിപിഎമ്മിന്റെ രാഷ്ട്രീയ താൽപര്യങ്ങൾ തലപൊക്കിയതോടെ, വകുപ്പു മേധാവി തയാറാക്കി നൽകിയ 13 ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ പട്ടിക മുഖ്യമന്ത്രി തിരിച്ചയച്ചു. പെരിയാർ ഫീൽഡ് ഡയറക്ടർ, പാലക്കാട് സിസിഎഫ് തസ്തികകളിൽ സിപിഎം പിടി മുറുക്കിയതോടെയാണ് വനം വകുപ്പിന്റെ പട്ടിക 3 ആഴ്ചയോളം പിടിച്ചുവച്ച ശേഷം ഭരണ വിഭാഗത്തിലേക്കു മടക്കിയത്.
സാധാരണ നിലയിൽ വനം മന്ത്രിയോടാണ് വീണ്ടും ശുപാർശ സമർപ്പിക്കാൻ ആവശ്യപ്പെടാറുള്ളതെങ്കിലും ഇത്തവണ ഫയൽ അങ്ങോട്ട് അയച്ചിട്ടുമില്ല. ഇതോടെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ മാറ്റങ്ങൾക്കു ശേഷം ഉദ്യോഗസ്ഥരെ പഴയ സ്ഥാനത്തേക്ക് എത്തിക്കാനുള്ള നടപടികളും പ്രതിസന്ധിയിലായി. സിവിൽ സർവീസ് ബോർഡ് (സിഎസ്ബി) ചേർന്ന് വീണ്ടും സ്ഥലംമാറ്റ പട്ടിക തയാറാക്കി സമർപ്പിക്കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് സൂചന.
തിരുവനന്തപുരം, തെന്മല, പുനലൂർ, പാലക്കാട്, പെരിയാർ, സെൻട്രൽ സർക്കിൾതല മാറ്റങ്ങളാണ് വിവാദമാവുന്നത്. വനം മേധാവി തയാറാക്കി നൽകിയ 9 പേരുടെ പട്ടികയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സൗകര്യങ്ങൾ മാനിക്കുകയോ മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയോ ഉണ്ടായിട്ടില്ലെന്നു പരാതിയുണ്ട്. മുൻ വനം മേധാവി, അദ്ദേഹത്തിന്റെ കാലത്ത് നടപ്പാക്കാൻ തീരുമാനിച്ചിരുന്ന ചില മാറ്റങ്ങൾ വീണ്ടും പട്ടികയിൽപെട്ടതും വിവാദമായി.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു മാറ്റിയ ഉദ്യോഗസ്ഥരെയും 3 വർഷത്തിൽ കൂടുതൽ ഒരേ സ്ഥലത്തു ജോലി ചെയ്തവരെയും തൃശൂർ സുവോളജിക്കൽ പാർക്കിലേക്കുള്ള ഒരാളെയും പട്ടികയിൽ ഉൾപ്പെടുത്തി. ഈ പേരുകൾ സിഎസ്ബി അംഗീകരിച്ചതല്ല എന്ന ന്യായത്തോടെയാണ് മുഖ്യമന്ത്രി ഫയൽ മടക്കിയത്.
പെരിയാർ ഫീൽഡ് ഡയറക്ടർ തസ്തികയിലും പാലക്കാട് സിസിഎഫ് തസ്തികയിലും സിപിഎമ്മിനു താൽപര്യമുള്ള മാറ്റങ്ങൾ വരുത്താനാണ് നീക്കമെന്ന് സൂചനയുണ്ട്. ഇടമലയാർ ആനവേട്ട കേസ് അന്വേഷണത്തിൽ സജീവമായിരുന്ന ഉദ്യോഗസ്ഥയെ പെരിയാർ ഫീൽഡ് ഡയറക്ടറാക്കാനുള്ള വനം മേധാവിയുടെ ശുപാർശയാണ് സിപിഎമ്മിന്റെ എതിർപ്പിനു കാരണം. പാലക്കാട് സിസിഎഫ് സ്ഥാനത്ത് നിലവിലുള്ളയാളെ മാറ്റുന്നതിനെയും സിപിഎം എതിർക്കുന്നു.