വ്യാജവാർത്തയ്ക്കെതിരെ കുട്ടികൾക്ക് അവബോധം: മുൻപേ പറന്ന് കേരളം
Mail This Article
തിരുവനന്തപുരം ∙ ഓൺലൈൻ വഴി പ്രചരിക്കുന്ന വ്യാജവാർത്തകൾ തിരിച്ചറിയുന്നതിനുള്ള പ്രായോഗിക പാഠങ്ങൾ സ്കൂൾ പാഠപുസ്തകങ്ങളിലും. 2022-ൽ 'സത്യമേവ ജയതേ’ പദ്ധതിയുടെ ഭാഗമായി 5 മുതൽ 10 വരെ ക്ലാസുകളിലെ 19.72 ലക്ഷം കുട്ടികൾക്ക് വ്യാജവാർത്തകൾ പ്രതിരോധിക്കാനുള്ള പ്രത്യേക ഡിജിറ്റൽ സാക്ഷരത പരിശീലനം കൈറ്റിന്റെ നേതൃത്വത്തിൽ നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് 5, 7 ക്ലാസുകളിലെ പുതിയ ഐടി പാഠപുസ്തകങ്ങളിൽ ഇതു സംബന്ധിച്ച പാഠഭാഗങ്ങളും ഉൾപ്പെടുത്തിയത് .
5920 പരിശീലകരുടെ സഹായത്തോടെയായിരുന്നു കൈറ്റിന്റെ പരിശീലനം. 9.48 ലക്ഷം യുപി വിദ്യാർഥികൾക്കും 10.24 ലക്ഷം ഹൈസ്കൂൾ വിദ്യാർഥികൾക്കുമാണ് രാജ്യത്താദ്യമായി പരിശീലനം നൽകിയത്. ഇന്റർനെറ്റ് നിത്യ ജീവിതത്തിൽ, സമൂഹമാധ്യമങ്ങളിലെ ശരിയും തെറ്റും, വ്യാജവാർത്തകളുടെ വ്യാപനം എങ്ങനെ തടയാം എന്നിങ്ങനെ പല മേഖലകളിലായിട്ടായിരുന്നു രണ്ടര മണിക്കൂർ ദൈർഘ്യമുള്ള പരിശീലനമെന്നു കൈറ്റ് സിഇഒ കെ.അൻവർ സാദത്ത് പറഞ്ഞു.