വയനാട്: സമഗ്ര റിപ്പോർട്ട് അടുത്ത കടമ്പ; വിശദമായ പാക്കേജിന് സമയമെടുത്തേക്കാം
Mail This Article
ന്യൂഡൽഹി ∙ വയനാട് ദുരന്തമേഖലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയെങ്കിലും വിശദമായ ധനസഹായ പാക്കേജിനും ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്തുള്ള പ്രഖ്യാപനത്തിനും സമയമെടുത്തേക്കാം. സ്വാഭാവിക നടപടിക്രമങ്ങൾ പാലിക്കണമെന്നതിനാലാണ് അത്. വയനാട്ടിൽ സംഭവിച്ച ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന സമഗ്ര വിലയിരുത്തൽ റിപ്പോർട്ട് കേന്ദ്രത്തിനു കൈമാറുകയാണ് ഇനിയുള്ള കടമ്പ.
പ്രധാനമന്ത്രിയുടെ ഓഫിസിൽ കേരളവുമായി ബന്ധപ്പെട്ട ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്റെ ഇടപെടലുകളും നിർണായകമാകും. ദുരന്തസാഹചര്യത്തെക്കുറിച്ചും രക്ഷാദൗത്യത്തെക്കുറിച്ചും നേരിട്ടു ബോധ്യമുള്ള ആഭ്യന്തര മന്ത്രാലയം, കർഷകാശ്വാസം ആവശ്യമായി വരുമെന്നതിനാൽ കൃഷി മന്ത്രാലയം എന്നിവിടങ്ങളിൽനിന്നുള്ള വിവരങ്ങളും പിഎംഒ തേടും.
കേരളത്തിൽനിന്നു പൂർണ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും ഈ നടപടികൾ. ചീഫ് സെക്രട്ടറിക്കാണു റിപ്പോർട്ടിന്റെ ചുമതല. ഇക്കാര്യത്തിൽ വിശദമായ ചർച്ച കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്നതായും ഹ്രസ്വ–ദീർഘകാല ആവശ്യങ്ങൾ വ്യക്തമാക്കിയുള്ള റിപ്പോർട്ടാകും കേന്ദ്രത്തിനു നൽകുകയെന്നും കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് വ്യക്തമാക്കി.
ഡൽഹി കേരള ഹൗസിലെ റസിഡന്റ് കമ്മിഷണർ അജിത് കുമാർ പിഎംഒയിൽ പ്രവർത്തിച്ചു പരിചയമുള്ളയാളാണെന്നതും ഗുണം ചെയ്തേക്കും. അതിനിടെ, കേരളത്തിന്റെ അടിയന്തരാവശ്യങ്ങൾ ഉൾപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തു നൽകിയിട്ടുണ്ട്. സമാനതകളില്ലാത്ത ദുരന്തമാണു കേരളത്തിലുണ്ടായതെന്നു വ്യക്തമാക്കിയുള്ള കത്തിൽ ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്തുള്ള പിന്തുണ തേടിയിട്ടുണ്ട്.
മുൻകാല സാഹചര്യം കൂടി കണക്കിലെടുത്താൽ, വയനാട് ദുരന്തത്തെ ഗുരുതര സ്വഭാവമുള്ള ദുരന്തമായി പരിഗണിച്ചു കേന്ദ്ര സഹായം ലഭ്യമാക്കാനാണു സാധ്യത. എന്നാൽ, വയനാട്ടിലെ സാഹചര്യത്തെ പ്രത്യേകമായി പരിഗണിച്ചു ദേശീയ ദുരന്തം എന്ന നിലയിൽതന്നെ കണക്കാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.