മുല്ലപ്പെരിയാർ ഡാം സുരക്ഷ: വ്യാജപ്രചാരണം നടത്തിയാൽ നടപടിയെന്ന് മന്ത്രി റോഷി
Mail This Article
ചെറുതോണി∙ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന വ്യാജപ്രചാരണത്തിനെതിരെ നടപടി സ്വീകരിക്കാൻ പൊലീസിനെ ചുമതലപ്പെടുത്തുമെന്നു മന്ത്രി റോഷി അഗസ്റ്റിൻ. അനാവശ്യ ഭീതി പരത്തുന്ന വ്ലോഗർമാരെ നിയന്ത്രിക്കുമെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ‘മുല്ലപ്പെരിയാർ സുരക്ഷയുമായി ബന്ധപ്പെട്ടു സർക്കാർ ജനങ്ങൾക്കൊപ്പമാണ്. പുതിയ ഡാം എന്നതാണു കേരളത്തിന്റെ ആവശ്യം. ഇക്കാര്യത്തിൽ കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ഒറ്റക്കെട്ടാണ്. തമിഴ്നാടും കേരളവും തമ്മിൽ ഇതിന്റെ പേരിലുള്ള കേസ് നിലനിൽക്കുന്നുണ്ട്. കോടതിക്കു പുറത്തും ഇക്കാര്യം ചർച്ച ചെയ്തു പരിഹരിക്കാൻ ശ്രമിക്കും’– അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാറിൽ ഡാം മാനേജ്മെന്റ് സംവിധാനം കാര്യക്ഷമമായി നടപ്പാക്കണം. ഉദ്യോഗസ്ഥതല ഏകോപനം ഇതിനായി കൂടുതൽ ശക്തിപ്പെടുത്തും– അദ്ദേഹം പറഞ്ഞു.
അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടു കലക്ടറേറ്റിൽ ഉദ്യോഗസ്ഥതല അവലോകന യോഗം ചേർന്നു. സുരക്ഷാ മുൻകരുതൽ സംബന്ധിച്ച മുന്നൊരുക്ക പദ്ധതി തയാറാക്കാനും ഉദ്യോഗസ്ഥർക്കു ചുമതലകൾ നൽകാനും കലക്ടറെ യോഗം ചുമതലപ്പെടുത്തി. പഞ്ചായത്ത്തല ജാഗ്രതാ സമിതികൾ ഉടൻ വിളിച്ചു ചേർക്കും. വണ്ടിപ്പെരിയാറിൽ വാഴൂർ സോമൻ എംഎൽഎയുടെ അധ്യക്ഷതയിലാണു യോഗം ചേരുക. സുരക്ഷാസമിതി യോഗങ്ങൾ കൃത്യസമയത്തു ചേർന്നു വിവരങ്ങൾ വിശകലനം ചെയ്യുന്നതിനും യോഗം തീരുമാനിച്ചു.
മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ വാഴൂർ സോമൻ, എ.രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു, കലക്ടർ വി.വിഘ്നേശ്വരി, ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപ്, എഡിഎം ബി.ജ്യോതി, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾ എന്നിവർ പങ്കെടുത്തു.
മുല്ലപ്പെരിയാർ സമരസമിതി പുനഃസംഘടിപ്പിച്ചു
കട്ടപ്പന∙ മുല്ലപ്പെരിയാർ അണക്കെട്ട് പ്രശ്‌നത്തിനു ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടുപോകുക ലക്ഷ്യമിട്ടു മുല്ലപ്പെരിയാർ സമരസമിതി പുനഃസംഘടിപ്പിച്ചു. സമിതി രക്ഷാധികാരി ഫാ.ജോയി നിരപ്പേൽ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. സ്റ്റീഫൻ ഐസക് അധ്യക്ഷത വഹിച്ചു.
സമിതി ഭാരവാഹികളായി ഷാജി പി.ജോസഫ് (ചെയർമാൻ), സിബി മുത്തുമാക്കുഴി (ജനറൽ കൺവീനർ), പി.ഡി.ജോസഫ് (ട്രഷ) എന്നിവർ ഉൾപ്പെട്ട 51 അംഗ കേന്ദ്ര കമ്മിറ്റിയെ തിരഞ്ഞെടുത്തു.
2006 മാർച്ചിലാണു മുല്ലപ്പെരിയാർ സമരസമിതി രൂപീകൃതമായത്.
പ്രതിഷേധിച്ച് തമിഴ്നാട്
കുമളി∙ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലത്തെക്കുറിച്ചു കേരളത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി നടക്കുന്ന പ്രചാരണങ്ങളിൽ പ്രതിഷേധിച്ചു തമിഴ്‌നാട്ടിലെ കർഷകർ സംസ്ഥാന അതിർത്തിയായ ലോവർ ക്യാംപിൽ പ്രതിഷേധ പ്രകടനം നടത്തി.
ലോവർ ക്യാംപിൽ നിന്നു കുമളിയിലേക്കു പ്രകടനം നടത്താനാണു തീരുമാനിച്ചിരുന്നതെങ്കിലും സമരക്കാരെ ലോവർ ക്യാംപിൽ പൊലീസ് തടഞ്ഞു. പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്നാവശ്യപ്പെട്ടു പാർലമെന്റിൽ പ്രത്യേക പ്രമേയം കൊണ്ടുവന്ന ഡീൻ കുര്യാക്കോസ് എംപിക്കെതിരെ നടപടിയെടുക്കുക, അണക്കെട്ടിനെകുറിച്ച് സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചവരെ അറസ്റ്റ് ചെയ്യുക തുടങ്ങിയ മുദ്രാവാക്യങ്ങളാണു സമരക്കാർ ഉയർത്തിയത്. അണക്കെട്ട് ഇനിയും നൂറുകണക്കിനു വർഷങ്ങൾ സുരക്ഷിതമായി നിലകൊള്ളുമെന്നും അതിനാൽ അണക്കെട്ടിനെക്കുറിച്ചു തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന കേരളത്തിലെ രാഷ്ട്രീയക്കാരെയും പ്രവർത്തകരെയും കേരള സർക്കാർ നിയന്ത്രിക്കണമെന്നും സമരത്തിനു നേതൃത്വം കൊടുത്ത ബാലസിങ്കം ആവശ്യപ്പെട്ടു.