ADVERTISEMENT

തിരുവനന്തപുരം ∙ വയനാട്ടിൽ ഉരുൾപൊട്ടലിന് ഇരയായ എല്ലാ കുടുംബങ്ങളുടെയും വായ്പകൾക്ക് മൊറട്ടോറിയം അനുവദിക്കാൻ ബാങ്കുകൾ. സംസ്ഥാന തല ബാങ്കേഴ്സ് സമിതിയാണ് മൊറട്ടോറിയം പ്രഖ്യാപിക്കാൻ ബാങ്കുകൾക്കു നിർദേശം നൽകിയത്. ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരിച്ചവരുടെയും വീടും ഭൂമിയും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതിത്തള്ളാൻ കേരള ബാങ്ക് ഭരണസമിതി യോഗവും തീരുമാനിച്ചു.

ജില്ലാ തല ബാങ്കേഴ്സ് സമിതിയുടെ പ്രാഥമിക കണക്കെടുപ്പു പ്രകാരം 22 കോടി രൂപയുടെ വായ്പയാണു ദുരന്തത്തിനിരയായവർ തിരിച്ചടയ്ക്കാനുള്ളത്. ഇവരിൽ ആരെയും വായ്പ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടു നേരിട്ടോ ഫോണിലൂടെയോ തപാലിലൂടെയോ ശല്യപ്പെടുത്തരുതെന്നു നിർദേശം നൽകിയിട്ടുണ്ട്.

കൃഷി വായ്പകൾക്കാണ് ആദ്യം മൊറട്ടോറിയം അനുവദിക്കുന്നത്. 50% വരെ കൃഷി നശിച്ചിട്ടുണ്ടെങ്കിൽ ഒരു വർഷത്തെ മൊറട്ടോറിയവും ഒരു വർഷത്തെ അധിക തിരിച്ചടവു കാലാവധിയും അനുവദിക്കാം. 50 ശതമാനത്തിനു മേൽ കൃഷി നാശമുണ്ടെങ്കിൽ 5 വർഷം വരെ തിരിച്ചടവു കാലാവധി നീട്ടി നൽകാനാകും.

പൂർണമായും കൃഷി നശിച്ചെന്നു സംസ്ഥാന കൃഷിവകുപ്പ് റിപ്പോർട്ട് ചെയ്തതിനാൽ ഒരു വർഷത്തെ മൊറട്ടോറിയവും 5 വർഷം വരെ തിരിച്ചടവു കാലാവധിയും ബാങ്കുകൾ അനുവദിക്കാനാണു സാധ്യത. വായ്പയെടുത്തവർ മൊറട്ടോറിയം അനുസരിച്ച് ഒരു വർഷം പണം തിരിച്ചടയ്ക്കേണ്ടതില്ല. അതു കഴിഞ്ഞുള്ള തിരിച്ചടവിനായി വായ്പ പുനഃക്രമീകരിച്ചു നൽകും. തിരിച്ചടവിലെ ഒരു വർഷത്തെ അവധി ക്രെഡിറ്റ് സ്കോറിനെ ബാധിക്കില്ല. എന്നാൽ, ഇൗ കാലയളവിലെ പലിശ, ബാക്കി തിരിച്ചടയ്ക്കാനുള്ള വായ്പത്തുകയിൽ ഉൾപ്പെടുത്തുന്നതാണു രീതി. 

   വായ്പകൾ പൂർണമായി എഴുതിത്തള്ളണമെന്നാണു നാട്ടുകാരുടെ ആവശ്യം. ഇതിന്, വായ്പ എഴുതിത്തള്ളിയാലുള്ള സാമ്പത്തിക ബാധ്യത എത്രയാണെന്ന കണക്കെടുപ്പ് പൂർത്തിയാകേണ്ടതുണ്ട്. അതുകഴിഞ്ഞ് എഴുതിത്തള്ളൽ പ്രഖ്യാപിക്കുന്ന കാര്യം സർക്കാർ പരിഗണിക്കും. അങ്ങനെയെങ്കിൽ വായ്പബാധ്യത സർക്കാർ വഹിക്കേണ്ടിവരും. ഓഖി ദുരന്തത്തിൽപെട്ടവരുടെ വായ്പ സർക്കാർ എഴുതിത്തള്ളിയിരുന്നു.

English Summary:

Moratorium on bank loans for affected people in Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com