75 തികഞ്ഞ് ഒരു രൂപ; ഒരു രൂപ നോട്ട് പുറത്തിറക്കിയത് 1949 ഓഗസ്റ്റ് 12
Mail This Article
ആലപ്പുഴ∙ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കറൻസി നോട്ട് പുറത്തിറങ്ങിയിട്ട് 75 വർഷം. അത് ഒറ്റരൂപ നോട്ട് ആയിരുന്നു. 1949 ഓഗസ്റ്റ് 12ന് ആണു കേന്ദ്ര ധനമന്ത്രാലയം ഒരു രൂപ നോട്ട് പുറത്തിറക്കിയത്. കേന്ദ്ര സർക്കാർ ആദ്യമായി പുറത്തിറക്കിയ ആ കറൻസി നോട്ടിൽ ഒപ്പിട്ടത് ഒരു മലയാളിയാണ്. ആദ്യ കേന്ദ്ര ധനകാര്യ സെക്രട്ടറി കെ.ആർ.കെ.മേനോൻ.
ഇന്ത്യയിലെ മറ്റെല്ലാ കറൻസി നോട്ടുകളിലും റിസർവ് ബാങ്ക് ഗവർണറുടെ ഒപ്പ് രേഖപ്പെടുത്തുമ്പോൾ, ഒരു രൂപ നോട്ടിൽ ഇപ്പോഴും കേന്ദ്ര ധനകാര്യ സെക്രട്ടറിയുടെ ഒപ്പാണുള്ളത്. കാരണം ഒരു രൂപയുടെ നോട്ട് മാത്രം കേന്ദ്ര ധനമന്ത്രാലയമാണു പുറത്തിറക്കുന്നത്. ഒരു രൂപയിലേറെ മൂല്യമുള്ള നോട്ടുകൾ അച്ചടിക്കാനുള്ള അധികാരമാണു റിസർവ് ബാങ്കിനുള്ളത്.
മറ്റു നോട്ടുകളിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നു രേഖപ്പെടുത്തുന്ന സ്ഥാനത്ത്, ഒരു രൂപ നോട്ടിൽ ഗവൺമെന്റ് ഓഫ് ഇന്ത്യ എന്നു കാണാം. മറ്റു നോട്ടുകളിലുള്ള ‘I promise to pay’ എന്നു തുടങ്ങുന്ന സത്യവാങ്മൂലം ഈ നോട്ടിൽ ഇല്ല.
ഒരു നോട്ട് അച്ചടിക്കാൻ ഒരു രൂപയിലേറെ ചെലവു വന്നതോടെ 1994 ൽ രാജ്യത്ത് ഒരു രൂപ നോട്ടിന്റെ അച്ചടി നിർത്തിയിരുന്നു. പുതിയ സാങ്കേതികവിദ്യകളുടെ വരവോടെ അച്ചടിച്ചെലവു കുറഞ്ഞപ്പോൾ 2015ൽ അച്ചടി പുനരാരംഭിച്ചു. മഹാത്മാഗാന്ധിയുടെ ജന്മശതാബ്ദി വർഷമായ 1969ൽ പുറത്തിറങ്ങിയ ഒരു രൂപ നോട്ടിൽ അദ്ദേഹത്തിന്റെ ചിത്രമുണ്ടായിരുന്നു. ആദ്യമായും അവസാനമായും ഒരു വ്യക്തിയുടെ ചിത്രം ഒരു രൂപ നോട്ടിൽ വന്നത് അന്നു മാത്രം.
1949ൽ പുറത്തിറങ്ങിയ ആദ്യത്തെ സീരീസിലുള്ള ഒരു രൂപ നോട്ടുകളിൽ അഞ്ചെണ്ണം അമൂല്യമായി കാത്തുസൂക്ഷിച്ചിട്ടുണ്ട് അധ്യാപകനായ ചേർത്തല കുറ്റിക്കാട്ടുകവല സ്വദേശി അർവിന്ദ്കുമാർ പൈ. ഏറ്റവും കൂടുതൽ ഒരു രൂപ നോട്ടുകൾ ശേഖരിച്ചതിനു ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചിട്ടുണ്ട് (1.03 ലക്ഷം ഒരു രൂപ നോട്ടുകൾ).