പുരപ്പുറ വൈദ്യുതി: ഇളവുമായി കമ്മിഷൻ; സോളർ വീട് കൂടും
Mail This Article
തിരുവനന്തപുരം ∙ കൂടുതൽ വീടുകളിൽ സോളർ പ്ലാന്റ് സ്ഥാപിക്കാനാകുംവിധം വൈദ്യുതി റഗുലേറ്ററി കമ്മിഷൻ വ്യവസ്ഥകൾ ലഘൂകരിച്ചു. ഒരു ട്രാൻസ്ഫോമറിന്റെ പരിധിയിലെ സോളർ പ്ലാന്റുകളുടെ ആകെ ശേഷി ഇനി ട്രാൻസ്ഫോമർ ശേഷിയുടെ 90% വരെയാകാം. ഇത് 75% കവിയരുതെന്ന കെഎസ്ഇബിയുടെ വാദം റഗുലേറ്ററി കമ്മിഷൻ തള്ളി.
എല്ലാ മാസവും അഞ്ചാം തീയതിക്കു മുൻപ് സെക്‌ഷൻ തിരിച്ച് ഓരോ ട്രാൻസ്ഫോമറിന്റെയും കീഴിൽ എത്ര ശതമാനം സോളർ പ്ലാന്റുകൾക്ക് അനുമതി നൽകിയെന്നും സ്ഥാപിക്കപ്പെട്ടെന്നുമുള്ള വിവരം കെഎസ്ഇബിയുടെ വെബ്സൈറ്റിലും സെക്‌ഷൻ ഓഫിസിലും പ്രസിദ്ധീകരിക്കണം.
സോളർ പ്ലാന്റിന്റെ ശേഷി കെഎസ്ഇബി നിലവിൽ കണക്കാക്കിയിരുന്നത് പാനലിന്റെ ശേഷി അനുസരിച്ചാണ്. എന്നാൽ, ഇനിമുതൽ ഇൻവെർട്ടറിന്റെ ശേഷിയാണ് പരിഗണിക്കേണ്ടതെന്നും പാനലിന്റെ ശേഷി പരിഗണിക്കുകയാണെങ്കിൽ അതിന്റെ 85% മാത്രമേ കണക്കിലെടുക്കാവൂ എന്നും നിർദേശമുണ്ട്. ഈ മാറ്റങ്ങളോടെ ‘പുനരുപയോഗ ഊർജവും നെറ്റ്മീറ്ററിങ്ങും റഗുലേഷന്റെ’ രണ്ടാം ഭേദഗതി വിജ്ഞാപനം ചെയ്തു.
6 വർഷത്തിനകം സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിന്റെ പകുതി പുനരുപയോഗ ഊർജ സ്രോതസ്സുകളിൽനിന്നു കണ്ടെത്തണമെന്നാണ് റഗുലേഷൻ ഭേദഗതിയിലെ നിർദേശം. 2024–25 വർഷത്തേക്കു നിർദേശിച്ചിരുന്ന 40% ലക്ഷ്യം കെഎസ്ഇബിയുടെ അഭ്യർഥനപ്രകാരം 37% ആയി കുറച്ചു. 2030 ആകുമ്പോഴേക്ക് പുനരുപയോഗ ഊർജത്തിന്റെ 2% സംഭരിച്ച് ഉപയോഗിക്കാനും കഴിയണം. 2025–26 മുതൽ ഇതിനുള്ള സൗകര്യമുണ്ടാക്കിത്തുടങ്ങണം.
പരിധിയിലെ മാറ്റം: ഉദാഹരണമിങ്ങനെ
160 കിലോവോൾട്ട് ആംപിയർ (കെവിഎ) ഉള്ള ഒരു ട്രാൻസ്ഫോമറിന്റെ ശേഷി 144 കിലോവാട്ടാണ്. ഇത്തരം ട്രാൻസ്ഫോമറിനു കീഴിലുള്ള സോളർ പ്ലാന്റുകളുടെ ആകെ ശേഷി നിലവിലെ വ്യവസ്ഥപ്രകാരം 108 കിലോവാട്ട് (75%) കവിയരുത്. ഒരു വീട്ടിൽ 3 കിലോവാട്ട് പ്ലാന്റ് എന്ന കണക്കിൽ ആ ട്രാൻസ്ഫോമറിനു കീഴിൽ 36 വീടുകളിലേ സോളർ പ്ലാന്റിന് അനുമതി ലഭിക്കുമായിരുന്നുള്ളൂ.
പുതിയ ഭേദഗതിപ്രകാരം സോളർ പ്ലാന്റുകളുടെ ആകെ ശേഷി 129.6 കിലോവാട്ട് വരെയാകാം. 3 കിലോവാട്ട് കണക്കിൽ 43 വീടുകളിൽ പ്ലാന്റ് സ്ഥാപിക്കാം. ഓരോ സെക്‌ഷനു കീഴിലെയും ട്രാൻസ്ഫോമറിന്റെ ശേഷിയും അനുവദിക്കപ്പെട്ട പ്ലാന്റുകളുടെ ശേഷിയും അറിയാൻ വെബ്സൈറ്റ്: https://wss.kseb.in/selfservices/reCap