ADVERTISEMENT

കോട്ടയം∙ മുല്ലപ്പെരിയാറിന്റെ സുരക്ഷയെപ്പറ്റി സമൂഹമാധ്യമങ്ങളിൽ ഭീതി പരത്തുന്ന സന്ദേശങ്ങൾ പ്രചരിക്കുകയും കേരളത്തിന്റെ നിലപാടിനെതിരെ തമിഴ്നാട്ടിൽ സമരം ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിൽ  ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ സംസാരിക്കുന്നു. 

∙ ? സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞല്ലോ?

വ്യാജപ്രചാരണം നടത്തിയാൽ സൈബർ നിയമപ്രകാരം കേസെടുക്കാം. അതേസമയം, യാഥാർഥ്യങ്ങൾ വസ്തുതാപരമായി ചൂണ്ടിക്കാണിച്ചാൽ അതെപ്പറ്റി ചർച്ചകളുമാകാം. അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ നടത്തുന്നതും ഭീതി പരത്തുന്നതുമായ സന്ദേശങ്ങൾ അയയ്ക്കുന്നതും നല്ലതല്ല. അതാണ് നടപടി എന്നതിലൂടെ വ്യക്തമാക്കിയത്. 

∙ ? പുതിയ അണക്കെട്ട് വേണം എന്ന നിലപാടുമായി എത്ര മുന്നോട്ടു പോയിട്ടുണ്ട് സംസ്ഥാനം

1931ലും 1961ലും മുല്ലപ്പെരിയാർ അണക്കെട്ടിൽ ഗ്രൗട്ട് ചെയ്തിട്ടുണ്ട്. 1979ൽ 50% ഭാഗം ശക്തിപ്പെടുത്തി. ഇതു കഴിഞ്ഞ് 45 വർഷം കഴിഞ്ഞു. കുമളിയിലെ കാർ പാർക്കിങ് സ്ഥലത്തിന്റെ കാര്യം സുപ്രീം കോടതി പരിഗണിച്ചപ്പോൾ മുല്ലപ്പെരിയാർ കരാർ സംബന്ധിച്ച് പുനഃപരിശോധന വേണ്ടിവരും എന്നു പരാമർശിച്ചത് കേരളത്തിന് ആശ്വാസം നൽകുന്ന കാര്യമാണ്. മുൻകാലങ്ങളെക്കാൾ അനുകൂല അന്തരീക്ഷം  ഉണ്ടായിട്ടുണ്ട്. 

പുതിയ അണക്കെട്ട് നിർമിക്കാൻ നമ്മൾ സജ്ജമാണ്.  ഡിപിആർ ഉൾപ്പെടെ തയാറായിട്ടുണ്ട്. പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി  സമർപ്പിച്ചിരിക്കുകയാണ്. അണക്കെട്ടിന്റെ അടുത്തുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ കാര്യത്തിൽ ഉൾപ്പെടെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച്  ചർച്ചയും  നടത്തി.

∙ ? തമിഴ്നാട്ടിൽ റോഡ് ഉപരോധം ഉൾപ്പെടെ നടക്കുന്നു...

കേരളത്തിലും പ്രതിഷേധങ്ങൾ നടന്നിട്ടുണ്ടല്ലോ. ഞാനും പത്തുദിവസത്തോളം നിരാഹാരം കിടന്നിട്ടുണ്ട്.  വിഷയം കോടതിയുടെ മുന്നിൽക്കൊണ്ടുവരാനാണ് പ്രക്ഷോഭങ്ങൾ കൊണ്ടു ലക്ഷ്യമിടുന്നത്.എന്നാൽ വസ്തുതകളെ മാറ്റിമറിക്കാൻ പാടില്ല.തമിഴ്നാടിന് ജലം കിട്ടരുതെന്ന് ഒരു നിലപാടും ആരും സ്വീകരിച്ചിട്ടില്ല.

∙ ? സുപ്രീം കോടതിയുടെ വിധിക്കായി കാത്തുനിൽക്കണോ, ഇന്ത്യാ മുന്നണിയിൽ ഒരുമിച്ചാണല്ലോ ഇരുസംസ്ഥാനത്തെയും ഭരണനേതൃത്വങ്ങൾ. രാഷ്ട്രീയമായി സംസാരിച്ച് പോംവഴി കണ്ടെത്താവുന്നതല്ലേ

പ്രസക്തമായ കാര്യമാണത്. കോടതിക്കു വെളിയിൽ പ്രശ്നം പരിഹരിക്കുന്നത് സംബന്ധിച്ചു ചർച്ചകൾ നടത്തുന്ന കാര്യം പരിശോധിക്കും. 

∙ ? മന്ത്രി തമിഴ്നാടിന്റെ പക്ഷം നിന്നു സംസാരിക്കുന്നതായി ആക്ഷേപമുണ്ടല്ലോ

അങ്ങനെ പ്രചാരണം വന്നപ്പോൾ വിഷമം തോന്നി.  സ്വാഭാവിക സാഹചര്യത്തിൽ മുല്ലപ്പെരിയാറിലെ വെള്ളം തുറന്നുവിട്ടാൽ ഇടുക്കിയിൽ പിടിക്കാൻ സാധിക്കും എന്നാണ് ഞാൻ ഉദ്ദേശിച്ചത്. അല്ലാതെ മുല്ലപ്പരിയാറിന് എന്തെങ്കിലും സംഭവിച്ചാലുള്ള കാര്യമല്ല. രണ്ടു ഡാമുകളുടെയും വൃഷ്ടിപ്രദേശം ഏതാണ്ട് 625 ചതുരശ്ര കിലോമീറ്ററാണ്.  സാധാരണ മഴയിൽ ഇടുക്കിയിലെ ജലനിരപ്പ് അരയടി മാത്രം ഉയരുമ്പോൾ മുല്ലപ്പെരിയാറിൽ അത് നാല് അടിയിലേറെയാകും. ഇപ്പോൾ ഒറ്റയടിക്ക് 200 മില്ലിമീറ്റർ മഴയൊക്കെ പെയ്യുന്ന സാഹചര്യമാണ്. അപ്പോൾ എത്രത്തോളമാകും നീരൊഴുക്ക് എന്ന് മനസ്സിലാക്കാവുന്നതേയുള്ളു. പുതിയ അണക്കെട്ട് എന്ന നയത്തിൽ ഒരു മാറ്റവുമില്ല.

English Summary:

New Mullaperiyar Dam is required: Roshy Augustine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com