പുനരുപയോഗ വൈദ്യുതി ഉൽപാദനം: ലക്ഷ്യത്തിലെത്താൻ വൈകുമെന്ന് റഗുലേറ്ററി കമ്മിഷൻ
Mail This Article
തിരുവനന്തപുരം∙ നിലവിലെ അവസ്ഥയിൽ സംസ്ഥാനത്തെ പുനരുപയോഗ വൈദ്യുതി ഉൽപാദനം ലക്ഷ്യമിട്ട അളവിലേക്കെത്താൻ വൈകുമെന്ന് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ. പുനരുപയോഗ ഊർജ സ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതോൽപാദനം മെച്ചപ്പെടുത്താൻ ഡേറ്റ അനലിറ്റിക്സ് പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് കെഎസ്ഇബി ഒരു മാസത്തിനുള്ളിൽ വിശദമായ പദ്ധതി തയാറാക്കണമെന്നും കമ്മിഷൻ നിർദേശിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാറ്ററിയിൽ വൈദ്യുതി സംഭരിക്കുന്ന കേന്ദ്രം സ്ഥാപിക്കാൻ സോളർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയുമായി (സെകി) കെഎസ്ഇബി ചർച്ച തുടങ്ങി. 100 മെഗാവാട്ട് വൈദ്യുതി സംഭരിക്കുന്ന ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) സ്ഥാപിക്കാൻ 5 ഏക്കർ ഭൂമി മതി. അതേസമയം ഒരു മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന സൗരോർജ പ്ലാന്റ് സ്ഥാപിക്കാൻ 3–4 ഏക്കർ ഭൂമി വേണ്ടി വരും. വൈദ്യുതി ഉൽപാദിപ്പിക്കാൻ ഉപയോഗിച്ച വെള്ളം പമ്പ് ചെയ്ത് റിസർവോയറിൽ എത്തിച്ച ശേഷം വീണ്ടും വൈദ്യുതി ഉൽപാദനം നടത്തുന്ന, ചെലവു കൂടിയ പമ്പ്ഡ് സ്റ്റോറേജ് പ്രോജക്ടിനെക്കാൾ (പിഎസ്പി) താരതമ്യേന കുറഞ്ഞ ചെലവിൽ വൈദ്യുതി സംഭരിക്കുന്ന പദ്ധതികൾ പരിഗണിക്കണമെന്നും വലിയ മുതൽമുടക്കു വേണ്ടി വരുന്ന പദ്ധതികൾ ആരംഭിക്കുന്നതിനു മുൻപു വിശദപഠനം വേണമെന്നും കമ്മിഷൻ നിർദേശിച്ചു.
പുനരുപയോഗ ഊർജ സ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതി സംസ്ഥാനങ്ങൾക്കിടയിൽ കൈമാറുമ്പോഴുള്ള (ഇന്റർസ്റ്റേറ്റ് ട്രാൻസ്മിഷൻ) ട്രാൻസ്മിഷൻ ചാർജ് ഇളവ് 2025 ജൂണിൽ അവസാനിച്ചേക്കും. അതിനു മുൻപ് സംസ്ഥാനം പുനരുപയോഗ ഊർജ ഉൽപാദനത്തിൽ സ്ഥിതി മെച്ചപ്പെടുത്തണമെന്നും കമ്മിഷൻ നിർദേശം നൽകി.
വൈദ്യുതി നിരക്ക് പരിഷ്കരണം: വാദം കേൾക്കൽ സെപ്റ്റംബർ 3 മുതൽ
സംസ്ഥാനത്തെ വൈദ്യുതി നിരക്ക് പരിഷ്കരണത്തിനു മുൻപ് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പൊതുജനങ്ങളുടെ വാദം കേൾക്കും. കെഎസ്ഇബി നൽകിയ പരിഷ്കരണ ശുപാർശകൾ റഗുലേറ്ററി കമ്മിഷൻ വെബ്സൈറ്റിൽ (https://www.erckerala.org/petitionpage) പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സെപ്റ്റംബർ 3 ന് രാവിലെ 11 മുതൽ കോഴിക്കോട് നളന്ദ ടൂറിസ്റ്റ് ഹോമിലാണ് ആദ്യ സിറ്റിങ്. 4 ന് രാവിലെ 11 മുതൽ പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിലും 5 ന് രാവിലെ 10.30 മുതൽ കൊച്ചി കോർപറേഷൻ ടൗൺ ഹാളിലും 10 ന് രാവിലെ 10.30 മുതൽ തിരുവനന്തപുരം പ്രിയദർശിനി പ്ലാനറ്റേറിയം കോൺഫറൻസ് ഹാളിലും സിറ്റിങ് നടത്തും.