ADVERTISEMENT

തിരുവനന്തപുരം ∙ അറ്റകുറ്റപ്പണി നടന്ന റോ‍‍‍ഡുകളിൽ വേണ്ടത്ര സുരക്ഷാ മുൻകരുതലും മുന്നറിയിപ്പ് അടയാളങ്ങളും ഇല്ലാതിരുന്നതു കൊണ്ടുണ്ടായ അപകടങ്ങളിൽ കഴിഞ്ഞ വർഷം (2023) നഷ്ടമായത് 440 മനുഷ്യജീവൻ. റോഡ് നിർമാണവും അറ്റകുറ്റപ്പണിയും നടന്ന ഇടങ്ങളിൽ ഉണ്ടായത് 4565 അപകടങ്ങൾ. നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച് സെന്ററിന് (നാറ്റ്പാക്) സംസ്ഥാന പൊലീസ് കൈമാറിയ വാർഷിക റോഡ് ഡേറ്റയിലാണ് ഇൗ വിവരങ്ങൾ. ഡ്രൈവിങ്ങിലെ ശ്രദ്ധക്കുറവും ഇത്തരം അപകടങ്ങൾക്കിടയാക്കിയിട്ടുണ്ടെങ്കിലും കൂടുതലും മുന്നറിയിപ്പ് സംവിധാനത്തിലെ പോരായ്മ മൂലമാണ്. 2023 ൽ സംസ്ഥാനത്ത് 48,091 റോഡ് അപകടങ്ങളിൽ 4080 പേരാണ് മരിച്ചത്. 54,320 പേർക്ക് ഗുരുതരമായി പരുക്കേറ്റു. ആകെ അപകടങ്ങളുടെ 9.33% റോഡുനിർമാണം നടന്നയിടങ്ങളിലാണ്.

നിർമാണസ്ഥലത്ത് പാലിക്കേണ്ട റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ ഇന്ത്യൻ റോഡ് കോൺഗ്രസ് വ്യക്തമായി നിർദേശിക്കാറുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. നിർമാണസ്ഥലങ്ങളിൽ റോഡ് സുരക്ഷാ ഓഡിറ്റ് വേണമെന്നത് റോഡ് കോൺഗ്രസിന്റെ പ്രധാന വ്യവസ്ഥയാണെന്നു നാറ്റ്പാക് സയന്റിസ്റ്റായ എബിൻ സാം പറയുന്നു.

ദേശീയപാതയിലും സംസ്ഥാന പാതയിലും ജില്ലാ റോഡുകളിലുമെല്ലാം ഇത്തരത്തിൽ അപകടം നടന്നു. അപകടനിരക്കിൽ രാജ്യത്ത് തമിഴ്നാടിനും മഹാരാഷ്ട്രയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് കേരളം. 

കൂടുതൽ അപകടം ഇരുചക്ര വാഹനങ്ങളിൽ 

2023ൽ ഇരുചക്ര വാഹനങ്ങളാണ് കൂടുതൽ അപകടത്തിൽപെട്ടതും കൂടുതൽ പേരുടെ മരണത്തിന് കാരണമായതും. 19,372 അപകടങ്ങളിൽ 1511 പേരാണ് മരിച്ചത്.  ഡ്രൈവർ മദ്യപിച്ച് ഉണ്ടായ അപകടങ്ങൾ 221. മരിച്ചത് 25 പേർ. തെരുവുനായ്ക്കൾ ഉൾപ്പെടെ റോഡിന് കുറുകെ ചാടി ഉണ്ടായ വാഹനാപകടം 186. മരിച്ചത് 25 പേർ. 140 പേർക്കു ഗുരുതരമായി പരുക്കേറ്റു.

മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ട് ഡ്രൈവ് ചെയ്ത് ഉണ്ടായ അപകടം 42. മരിച്ചത് 3 പേർ. ഗുരുതരമായി അപകടം പറ്റി കിടക്കയിൽ കഴിയുന്നത് 30 പേർ. 2024 ൽ ജൂൺ വരെ 25291 അപകടങ്ങളുണ്ടായി. ഇതിൽ 1998 പേർ മരിച്ചു. 28,221 പേർക്കു സാരമായി പരുക്കേറ്റു.

English Summary:

Road accidents due to maintenance without safety precautions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com