കനത്ത മഴ 18 വരെ; മുൻകരുതലുകൾ സ്വീകരിക്കാൻ നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം∙ വ്യാപക മഴയ്ക്കു സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് 18 വരെ വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഈ അലർട്ടുകൾ പ്രഖ്യാപിച്ച പ്രദേശങ്ങളിൽ ഓറഞ്ച്, റെഡ് അലർട്ടിനു തുല്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ സർക്കാർ നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലയോര മേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കണം.
24 മണിക്കൂറിൽ 204.4 മില്ലിമീറ്റർ വരെ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്നു കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും നാളെ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും 17 നും 18 നും പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.
തെക്കൻ ശ്രീലങ്കയ്ക്കു മുകളിൽ ചക്രവാതച്ചുഴിയും ആന്ധ്രപ്രദേശിലെ റായലസീമ മുതൽ തമിഴ്നാട്ടിലെ കന്യാകുമാരി മേഖല വരെ ന്യൂനമർദപ്പാത്തിയും രൂപപ്പെട്ടതിന്റെ ഫലമായാണ് കേരളത്തിൽ മഴ. വയനാട് ജില്ലയിൽ രണ്ടു ദിവസമായി കനത്ത മഴയുണ്ടായിരുന്നു.