46 ഐപിഎസ് ഉദ്യോഗസ്ഥർക്ക് മാറ്റം; തിരുവനന്തപുരത്തും കൊച്ചിയിലും ഓരോ ഡപ്യൂട്ടി കമ്മിഷണർ കൂടി
Mail This Article
തിരുവനന്തപുരം∙ ഗുണ്ടാ ആക്രമണവും ലഹിരക്കടത്തും വർധിച്ചുവരുന്ന സാഹചര്യത്തിൽ ക്രമസമാധാനപാലനത്തിന് ഊന്നൽ നൽകാൻ തിരുവനന്തപുരത്തും കൊച്ചിയിലും അധികമായി ഓരോ ഡപ്യൂട്ടി പൊലീസ് കമ്മിഷണറെ സർക്കാർ നിയമിച്ചു. ഒരു വർഷത്തേക്കു തസ്തിക സൃഷ്ടിച്ചാണു നിയമനം. നിലവിൽ എല്ലാ സിറ്റി പൊലീസിലും ഭരണവിഭാഗം ഡിസിപിയും ക്രമസമാധാനം, ട്രാഫിക് ചുമതലയുള്ള ഡിസിപിയുമുണ്ട്.
ഇതിനു പുറമേയാണ് ക്രമസമാധാനം, ട്രാഫിക് എന്നിവയ്ക്കായി തിരുവനന്തപുരത്തും കൊച്ചിയിലും ഓരോ ഡിസിപി കൂടി വരുന്നത്. നർകോട്ടിക് കേസുകളുടെ ചുമതലയും ഇവർക്കു നൽകും. ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്കു കീഴിൽ എഐജി റാങ്കിൽ സ്പെഷൽ ഓഫിസറെയും നിയമിച്ചു. എട്ടു ജില്ലകളിലെ പൊലീസ് മേധാവിമാരെ മാറ്റി പുതിയവരെ നിയമിച്ച് 46 ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റപ്പട്ടിക പുറത്തിറക്കി.
തിരുവനന്തപുരം സിറ്റിയിൽ അധികമായി ഡിസിപി തസ്തികയിൽ നകുൽ രാജേന്ദ്ര ദേശ്മുഖിനെയാണു നിയമിച്ചത്. നിലവിൽ വനിതാ സായുധ ബറ്റാലിയൻ കമൻഡാന്റ് ആണ്. കൊച്ചി സിറ്റിയിൽ ക്രമസമാധാനച്ചുമതലയുള്ള രണ്ടാമത്തെ ഡിസിപിയായി ജുവാനപ്പുഡി മഹേഷിനെ നിയമിച്ചു.
പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി.അജിത്താണ് എഡിജിപിയുടെ സ്പെഷൽ ഓഫിസർ. തിരുവനന്തപുരം സിറ്റിയിലെ ക്രമസമാധാനച്ചുമതലയുള്ള ഡിസിപി പി.നിധിൻരാജിനെ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയാക്കി. ഇദ്ദേഹത്തിനു പകരം ബി.വി.വിജയഭാരത് റെഡ്ഡിയെ നിയമിച്ചു.
കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണയെ കണ്ണൂർ റേഞ്ച് ഡിഐജിയായി നിയമിച്ചു. വയനാട് ജില്ലാ പൊലീസ് മേധാവി ടി.നാരായണനാണു പുതിയ കോഴിക്കോട് കമ്മിഷണർ. സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് എസ്പി തപോഷ് ബസുമത്തരിയാണു പുതിയ വയനാട് ജില്ലാ പൊലീസ് മേധാവി. കോട്ടയം ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിനെ വിജിലൻസ് ആസ്ഥാനത്ത് എസ്പിയാക്കി. ഐആർബി കമൻഡാന്റ് എ.ഷാഹുൽ ഹമീദിനെ പകരം കോട്ടയത്തു നിയമിച്ചു.
ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിനെ കൊല്ലം കമ്മിഷണറാക്കി. കൊല്ലം കമ്മിഷണർ വിവേക് കുമാറിനെ പൊലീസ് ആസ്ഥാനത്തു പ്രൊക്യൂർമെന്റ് വിഭാഗം എഐജിയാക്കി. ഈ ചുമതല വഹിച്ചിരുന്ന ഡി.ശിൽപയെ കാസർകോട് ജില്ലാ പൊലീസ് മേധാവിയാക്കി. കാസർകോട് ജില്ലാ പൊലീസ് മേധാവി പി.ബിജോയിയെ പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പലായി നിയമിച്ചു. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി അരവിന്ദ് സുകുമാറിനെ തിരുവനന്തപുരത്തു സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എസ്പിയായി നിയമിച്ചു.
ഇവിടത്തെ എസ്പി കെ.എസ്.ഗോപകുമാറിനെ എക്സൈസ് അഡീഷനൽ കമ്മിഷണറാക്കി (ഭരണവിഭാഗം). കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ഹേമലതയ്ക്കും മാറ്റമുണ്ട്. ഇവരെ റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്സ് ബറ്റാലിയന്റെ കമൻഡാന്റായാണു നിയമിച്ചത്. കോഴിക്കോട് ഡിസിപി അനൂജ് പാലിവാൽ കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയായി. തീവ്രവാദ വിരുദ്ധ സ്ക്വാഡ് എസ്പി എസ്.സുജിത് ദാസാണു പുതിയ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി. എം.പി.മോഹനചന്ദ്രൻനായരെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയാക്കി.