വീണ്ടും ഗുണ്ടാപ്പക; തലസ്ഥാനത്ത് യുവാവ് കൊല്ലപ്പെട്ടു
Mail This Article
തിരുവനന്തപുരം ∙ തലസ്ഥാനനഗരത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ ഗുണ്ടാസംഘങ്ങളുടെ പകയിൽ രണ്ടാമതും കൊലപാതകം. മുട്ടത്തറ ബീമാപള്ളി ഇൗസ്റ്റ് സദ്ദാം നഗറിൽ ഷിബിലി(38)യാണ് കൊല്ലപ്പെട്ടത്. പൂന്തുറ സ്വദേശികളും സഹോദരന്മാരുമായ ഇനാസ് (21), ഇനാദ് (23) എന്നിവർ ചേർന്നാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇരുപ്രതികളും പൂന്തുറ പൊലീസിന്റെ വലയിലായെന്നാണു സൂചന.
മോഷണവും അടിപിടിയും ലഹരിക്കടത്തും ഉൾപ്പെടെ 22 കേസുകളിൽ പ്രതിയാണ് ഷിബിലി. ജയിൽവാസവും പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇനാസും ഷിബിലിയുമായി നേരത്തേ സംഘർഷം നടന്നിട്ടുണ്ട്. രണ്ടാഴ്ച മുൻപും ഇവർ തമ്മിൽ പരസ്യമായി ഏറ്റുമുട്ടിയിരുന്നു. വ്യാഴാഴ്ച രാത്രി 9 ന് കടപ്പുറത്ത് വച്ച് ഇനാസും ഷിബിലിയും തമ്മിൽ കയ്യാങ്കളിയുണ്ടായി. ഇനാസിന് മർദനമേറ്റിരുന്നു. ഇതിന്റെ വൈരാഗ്യം തീർക്കാൻ രാത്രി സഹോദരൻ ഇനാദിനെയും കൂട്ടി ആക്രമിച്ചെന്നാണ് വിവരം.
കടൽത്തീരത്തിനടുത്ത് ചെറിയ റോഡിൽ നിൽക്കുകയായിരുന്നു ഷിബിലിയും സുഹൃത്തും. സുഹൃത്ത് ഓടിരക്ഷപ്പെട്ടു. ഷിബിലിയുടെ ശരീരത്തിൽ മർദനമേറ്റെന്നും മൂന്നിടത്ത് മുറിവുണ്ടായെന്നും പൊലീസ് പറയുന്നു. പൊലീസെത്തി ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഷിബിലി മരിച്ചത്.
കാപ്പ കേസ് പ്രതിയായ വെട്ടുകത്തി ജോയിയെ ശ്രീകാര്യത്ത് എതിർസംഘം ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയതിന്റെ ഏഴാം രാത്രിയാണ് തലസ്ഥാനനഗരത്തിൽ വീണ്ടും ഗുണ്ടാക്കൊല നടന്നത്. ഗുണ്ടകളെ പിടികൂടുന്നതിന് പ്രത്യേക ശ്രദ്ധകേന്ദ്രീകരിക്കാൻ നഗരത്തിൽ ആദ്യമായി രണ്ടാമതൊരു ഡിസിപിയെയും കഴിഞ്ഞദിവസം നിയമിച്ചിരുന്നു.