ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് തടയാൻ വാദങ്ങൾ പലത്, ആദ്യം അപ്പീൽ തള്ളിയത് നിയമസഭയുടെ അവകാശങ്ങൾ ചൂണ്ടിക്കാട്ടി
Mail This Article
തിരുവനന്തപുരം ∙ ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വിവരാവകാശ കമ്മിഷൻ മുൻപാകെ 4 വർഷം മുൻപു ലഭിച്ച അപ്പീൽ തള്ളിയത് നിയമസഭയുടെ അവകാശങ്ങൾ ചൂണ്ടിക്കാട്ടി. റിപ്പോർട്ട്, കമ്മിഷൻ പിന്നീട് പുറത്തുവിടാൻ തീരുമാനിച്ചത് സർക്കാർ എതിർക്കാതിരുന്നതിനെ തുടർന്നും .
2019 ഡിസംബർ 31നാണ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് സർക്കാരിനു കൈമാറിയത്. 11 ദിവസങ്ങൾക്കു ശേഷമാണ് റിപ്പോർട്ട് തേടി വിവരാവകാശ അപേക്ഷ ലഭിക്കുന്നത്. റിപ്പോർട്ടിന്റെ പകർപ്പ് ഇപ്പോൾ ലഭ്യമാക്കാൻ കഴിയില്ലെന്ന് സാംസ്കാരിക വകുപ്പിന്റെ വിവരാവകാശ ഓഫിസർ 2020 ജനുവരി 22ന് മറുപടി നൽകി. തുടർന്ന് ഫെബ്രുവരി 3ന് അപേക്ഷകൻ ഒന്നാം അപ്പീൽ നൽകി. ഫെബ്രുവരി 7ന് നിയമസഭയിൽ ചോദ്യം ഉള്ളതിനാൽ സഭയിൽ റിപ്പോർട്ട് സമർപ്പിച്ച ശേഷം പകർപ്പ് നൽകാമെന്ന് സാംസ്കാരിക വകുപ്പ് അപ്പീലിനുള്ള മറുപടിയിൽ അറിയിച്ചു.
പിന്നീട് ഫെബ്രുവരി 14നാണ് രണ്ടാം അപ്പീൽ സംസ്ഥാന വിവരാവകാശ കമ്മിഷനു ലഭിക്കുന്നത്. റിപ്പോർട്ട് നിഷേധിച്ച വകുപ്പിന്റെ നടപടി ശരിവച്ച് കമ്മിഷൻ ഉത്തരവിട്ടത് ഒക്ടോബർ 22നാണ്. നിയമസഭാ ചോദ്യത്തിനു മറുപടി നൽകാനും തുടർനടപടികൾക്കും സർക്കാരിനു സമയം ലഭിച്ചില്ലെന്നും നിയമസഭയുടെ അവകാശത്തെ ലംഘിച്ച് വിവരം പുറത്തു നൽകാൻ കഴിയില്ലെന്നുമാണ് അന്ന് കമ്മിഷന്റെ ഉത്തരവിൽ പറഞ്ഞത്.
അതേസമയം, വിവരം പുറത്തുനൽകുന്നതിന് സർക്കാർ എതിർ അഭിപ്രായം അറിയിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയും നിയമപ്രകാരം വിലക്കപ്പെട്ട വിവരങ്ങൾ ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് പുറത്തുവിടാൻ ജൂലൈ 5ന് കമ്മിഷൻ ഉത്തരവിട്ടത്.