കർഷകദിന പരിപാടിക്കിടെ തർക്കം: വാഴൂർ സോമൻ എംഎൽഎ ഇറങ്ങിപ്പോയി
Mail This Article
ഉപ്പുതറ ∙ കർഷക ദിനാഘോഷ പരിപാടി ഉദ്ഘാടന പ്രസംഗത്തിനിടെ വാഴൂർ സോമൻ എംഎൽഎ, ഡീൻ കുര്യാക്കോസ് എംപിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് യുഡിഎഫ് നേതാക്കൾ ഇടപെട്ടതോടെ തർക്കം. ഇതെത്തുടർന്ന് വേദിയിൽ നിന്ന് എംഎൽഎ ഇറങ്ങിപ്പോയി. ഇന്നലെ രാവിലെ 11.ന് ഉപ്പുതറയിലെ കർഷക ദിനാഘോഷ ചടങ്ങിനിടെയായിരുന്നു സംഭവം.
‘പൊരികണ്ണി പാലത്തിനു ഫണ്ട് വയ്ക്കുമെന്ന് എംപി അറിയിച്ചിട്ടുണ്ട്. അദ്ദേഹം വാക്കുപാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷക്കാലം ഒരു രൂപ പോലും പീരുമേട് മണ്ഡലത്തിന് എംപി തന്നിട്ടില്ല. എന്നാലും ജനങ്ങൾ അദ്ദേഹത്തെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചതിൽ ഞാൻ അദ്ഭുതപ്പെട്ടു.’ എന്നായിരുന്നു എംഎൽഎയുടെ പ്രസംഗം.
എംഎൽഎ പ്രസംഗം അവസാനിപ്പിച്ചതോടെയാണ് യുഡിഎഫ് നേതാക്കൾ പരാമർശം ചോദ്യം ചെയ്ത് എഴുന്നേറ്റത്. ആശുപത്രിക്ക് വാഹനം ഉൾപ്പെടെ എംപി അനുവദിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. ഇതെത്തുടർന്ന് വാക്കുതർക്കം ഉണ്ടാവുകയും എംഎൽഎ വേദി വിട്ട് ഇറങ്ങിപ്പോവുകയുമായിരുന്നു.