എംജി സർവകലാശാല: അധ്യാപകരുടെ സ്ഥാനക്കയറ്റം തടഞ്ഞുവയ്ക്കുന്നതായി പരാതി
Mail This Article
കോട്ടയം ∙ എംജി സർവകലാശാലയിൽ ഇടതുപക്ഷ അനുകൂല അധ്യാപക സംഘടനയിൽ അംഗമല്ലാത്തവരുടെ പ്രമോഷനുകൾ അകാരണമായി തടഞ്ഞുവയ്ക്കുന്നതായി പരാതി. സർവകലാശാലാ സിൻഡിക്കറ്റിന്റെ ഉപസമിതിയാണ് അധ്യാപകരുടെ പ്രമോഷന്റെ അപേക്ഷയിൽ വിശദ അന്വേഷണം നടത്തുന്നത്.
അപേക്ഷയിലെ പിഴവ് ചൂണ്ടിക്കാട്ടി നൽകുന്ന നോട്ടിസുകൾക്കു മറുപടി വൈകുന്നതാണ് ഫയലുകളിൽ തീർപ്പാക്കാൻ കാലതാമസം ഉണ്ടാകുന്നതെന്നാണ് സിൻഡിക്കറ്റിന്റെ വിശദീകരണം. എന്നാൽ ഇത് അടിസ്ഥാനരഹിതമാണെന്നും 11 വർഷമായിട്ടും തീർപ്പാക്കാതെ മാറ്റിവച്ച ഫയലുകൾ ഉണ്ടെന്നും അധ്യാപകർ പറയുന്നു. കഴിഞ്ഞ സിൻഡിക്കറ്റിന്റെ അവസാന യോഗത്തിലും വിവേചനപരമായാണ് ഫയലുകൾ തീർപ്പാക്കിയതെന്നും പരാതിയുണ്ട്. പുതിയ സിൻഡിക്കറ്റ് പഴയ ഫയലുകൾ പരിശോധിച്ച് തുടങ്ങിയിട്ടില്ല.
പ്രതിപക്ഷ അധ്യാപക സംഘടനയിലെ അധ്യാപകരുടെ നിയമനത്തിന് അംഗീകാരം നൽകുന്നതു വൈകിപ്പിച്ചതു മുൻപ് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. ഒടുവിൽ ഹൈക്കോടതി ഉത്തരവിലൂടെയാണ് നിയമനത്തിനു അംഗീകാരം ലഭിച്ചത്. ഇതേപോലെ പ്രമോഷൻ തടഞ്ഞുവച്ച കേസിലും കോടതി ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. ഒരേ കോളജിൽ നിന്ന് ഒരുമിച്ചു നൽകുന്ന വിവിധ അപേക്ഷകളിൽ ചിലതു മാത്രം തിരഞ്ഞെടുത്തു മാറ്റിവയ്ക്കുന്നതിനെതിരെ പ്രതിപക്ഷ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
കോളജുകളിൽ അധ്യാപക നിയമനത്തിന് അടിസ്ഥാനമാക്കുന്ന സ്കോർ കാർഡ് തയാറാക്കുന്നതിലെ മാനദണ്ഡങ്ങളിൽ സിൻഡിക്കറ്റ് ഉപസമിതി ചട്ടങ്ങൾക്കു വിരുദ്ധമായി തീരുമാനമെടുക്കുന്നുവെന്നും ആക്ഷേപം ഉണ്ട്. പ്രമോഷനും ഇതേവിധത്തിൽ രഹസ്യ സ്കോർ കാർഡ് തയാറാക്കുന്നതായും പറയപ്പെടുന്നു.
കോളജുകളിൽ നിന്നു ലഭിക്കുന്ന പ്രമോഷൻ അപേക്ഷകൾ പരിഗണിച്ച് ഉപസമിതി അതത് കോളജുകളിൽ എത്തി അഭിമുഖം നടത്തിയാണ് റിപ്പോർട്ട് തയാറാക്കുന്നത്. ഇതിനുശേഷം ഫയലുകളിൽ കുറിപ്പെഴുതി വൈകിപ്പിക്കുകയാണെന്നാണു പരാതി. ഗവർണർ, വിസി, സർക്കാർ എന്നിവിടങ്ങളിൽ പരാതിപ്പെട്ടാൽ പിന്നീടു വൈരാഗ്യത്തോടെ ഉപസമിതി പെരുമാറുന്നതായും അധ്യാപകർ പറയുന്നു.