ദൈവം മുഖ്യമന്ത്രിയായാലും ഇടുക്കിയിൽ നിന്ന് ഇറക്കിവിടാനാവില്ല: സർക്കാരിനെ വിമർശിച്ച് എം.എം. മണി
Mail This Article
രാജകുമാരി (ഇടുക്കി)∙ ദൈവം തമ്പുരാൻ മുഖ്യമന്ത്രിയായാലും ഇടുക്കിയിൽ നിന്ന് ആളുകളെ ഇറക്കിവിടാനാവില്ലെന്ന് എം.എം.മണി എംഎൽഎ. മുഴുവൻ ആളുകൾക്കും പട്ടയം നൽകാതെ സൂത്രത്തിൽ കാര്യം നടത്താമെന്ന് ഒരു ഗവൺമെന്റും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിഐടിയുവിന്റെയും കെഎസ്‌കെടിയുവിന്റെയും സംയുക്താഭിമുഖ്യത്തിൽ വനംവകുപ്പ് ശാന്തൻപാറ സെഷൻ ഓഫിസിലേക്കു നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുമ്പോഴാണ് അദ്ദേഹം സംസ്ഥാന സർക്കാരിനെ വിമർശിച്ചത്.
‘വനംവകുപ്പ് നിലവിലുള്ള വനം സംരക്ഷിച്ചാൽ മതി. പുതിയ വനം ഉണ്ടാക്കാൻ നോക്കണ്ട. വനംവകുപ്പിനെ മാത്രമല്ല, റവന്യു വകുപ്പിനെയും നേരിടേണ്ട സ്ഥിതിയാണ് ഇടുക്കിയിലുള്ളത്. ഇടുക്കിയിൽ ജീവിക്കുന്ന ആളുകൾക്ക് സ്വസ്ഥമായി ജീവിക്കാനുള്ള അവസരം ഉണ്ടാക്കണം. വനംവകുപ്പ് ഇനിയും പ്രശ്നം ഉണ്ടാക്കിയാൽ, ഉദ്യോഗസ്ഥർ പുറത്തിറങ്ങി നടക്കാൻ വിഷമിക്കും. സംഘടിതമായി സമരം നടത്തേണ്ട സമയമാണിത്. ഗവൺമെന്റ് നമ്മുടേതാണെന്നു നോക്കേണ്ട കാര്യമില്ല. കലക്ടറേറ്റിലേക്കും വേണ്ടിവന്നാൽ സെക്രട്ടേറിയറ്റിലേക്കും സമരം നടത്തണം’– എം.എം.മണി പറഞ്ഞു.