ADVERTISEMENT

തിരുവനന്തപുരം ∙ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ചില പ്രധാന നിരീക്ഷണങ്ങളും ശുപാർശകളും ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങളിൽ സുപ്രീം കോടതിയുടെ നിർദേശവും കേന്ദ്ര സർക്കാരിന്റെ ഉത്തരവും പാലിച്ച് കർശന നടപടിയെടുക്കണമെന്നു കമ്മിറ്റി നിർദേശിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും നടന്മാരുടെ ഫാൻ ക്ലബ്ബുകൾ നടിമാരെ മോശമായി ചിത്രീകരിക്കുന്നതിനെതിരെ ഐപിസി 354 അനുസരിച്ച് കേസെടുക്കണമെന്നും ശുപാർശയുണ്ട്. കമ്മിറ്റിയുടെ നിരീക്ഷണങ്ങൾ അടങ്ങുന്ന ഏതാനും പേജ് ഒഴിവാക്കിയാണ് വിവരാവകാശ അപേക്ഷകർക്കു നൽകിയത്.

റിപ്പോർട്ടിലെ മൊഴികൾ അടങ്ങിയ അനുബന്ധം എവിടെയെന്നതിൽ ആശയക്കുഴപ്പമുണ്ട്. എഴുപതിലേറെ ഡിജിറ്റൽ രേഖകള‌ടക്കമുള്ള അനുബന്ധം വിവരാവകാശനിയമപ്രകാരം പുറത്തുവിട്ടിരുന്നില്ല. ഇതു സൂക്ഷിച്ചിരുന്നത് സെക്രട്ടേറിയറ്റിലെ ആഭ്യന്തര രഹസ്യ വിഭാഗത്തിന്റെ ലോക്കറിലാണെന്നു സൂചനയുണ്ട്. ഒരു പകർപ്പ് നിയമവകുപ്പിലേക്കു പരിശോധനയ്ക്കും വിശകലനത്തിനുമായി കൈമാറിയിരുന്നു. മറ്റൊന്നു സംസ്ഥാന പൊലീസ് മേധാവിക്കും പരിശോധിക്കാൻ നൽകി.

അനുബന്ധ രേഖകൾ ഇല്ലെന്നു മുൻ സാംസ്കാരിക മന്ത്രി എ.കെ.ബാലൻ പറഞ്ഞിരുന്നു. റിപ്പോർട്ട് പൂർണമായി വായിച്ചിട്ടില്ലെന്നു വ്യക്തമാക്കിയ നിലവിലെ മന്ത്രി സജി ചെറിയാനും ഇതേക്കുറിച്ചു വ്യക്തമാക്കുന്നില്ല. 

2019 ഡിസംബർ 31ന് യഥാർഥ റിപ്പോർട്ടും 2 പകർപ്പുകളും ഹേമ കമ്മിറ്റി സർക്കാരിനു കൈമാറിയിരുന്നു. മുഖ്യമന്ത്രിക്കും അന്നത്തെ സാംസ്കാരിക മന്ത്രിക്കുമാണു ഇവ നൽകിയത്. തന്റെ ഓഫിസിൽ റിപ്പോർട്ടിന്റെ മറ്റു പകർപ്പുകൾ ഇല്ലെന്നും 2020 ഫെബ്രുവരി 19ന് സാംസ്കാരിക വകുപ്പ് സെക്രട്ടറിക്ക് എഴുതിയ കത്തിൽ പറയുന്നുണ്ട്. കമ്മിറ്റിയുടെ കൈവശമുള്ള രേഖകളുടെ പകർപ്പ് ആവശ്യപ്പെട്ട് ഫെബ്രുവരിയിൽ സാംസ്കാരിക വകുപ്പ് സെക്രട്ടറി കമ്മിറ്റി അധ്യക്ഷയ്ക്കു നൽകിയ കത്തിനുള്ള മറുപടിയാണിത്.

English Summary:

Key observations of Hema Committee report are still not released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com