‘നായിക ആരാകണം, തിരക്കഥ ആരെഴുതണം: എല്ലാം തീരുമാനിക്കുന്നത് ആ നടൻ’; അരങ്ങു വാഴുന്നു, വിലക്കു മാഫിയ
Mail This Article
തിരുവനന്തപുരം ∙ മലയാള സിനിമ 10–15 പേരടങ്ങുന്ന ഒരു മാഫിയയുടെ കൈപ്പിടിയിലാണെന്നും ഇവർ മറ്റു നടൻമാർക്കും നടിമാർക്കും വിലക്കേർപ്പെടുത്തി ദ്രോഹിക്കുകയാണെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് വ്യക്തമാക്കുന്നു. സ്ത്രീകളെക്കാൾ കൂടുതൽ പുരുഷൻമാരാണ് ഈ പരാതി ഉന്നയിച്ചത്. നിർമാതാക്കളും വിതരണക്കാരും തിയറ്റർ ഉടമകളുമായി കൂടി പ്രവർത്തിക്കുന്ന ചില നടൻമാർ സിനിമയിൽനിന്നു പരമാവധി കീർത്തിയും പണവും നേടിയെടുത്തു. അതുവഴി സിനിമാ മേഖലയുടെ പൂർണ നിയന്ത്രണം ഇവർ കയ്യടക്കിയിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രമുഖരെ അടക്കം വിലക്കി
പ്രശസ്തരായ നടൻമാരെ അടക്കം പലരെയും ഇൗ സംഘം സിനിമയിൽനിന്നു വിലക്കി. ഇൗ പവർ ഗ്രൂപ്പിനെതിരെ ആരെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്താൽ അവരെ വിലക്കുകയും ഉപദ്രവിക്കുകയും ചെയ്യും. ഏതെങ്കിലും നിർമാതാവു പുതിയ ചിത്രമെടുക്കാൻ ഒരുങ്ങിയാൽ വിലക്കുള്ളവരെ ഉൾപ്പെടുത്തരുതെന്ന് ഇൗ ഗ്രൂപ്പിലുള്ളവർ ആവശ്യപ്പെടും. വിലക്കുള്ളവരെ വച്ചു സിനിമയെടുക്കാൻ നിരാക്ഷേപ പത്രം നൽകില്ലെന്നു ഫിലിം ചേംബറിനെക്കൊണ്ടു പറയിപ്പിക്കും.
വലിയ അഹങ്കാരത്തോടെയാണു ഫിലിം ചേംബർ ഭാരവാഹികൾ പ്രവർത്തിച്ചിരുന്നത്. ചില നടൻമാരെ തീർത്തും മുൻവിധിയോടെയാണ് അവർ കണ്ടത്. സിനിമകൾക്കു നിരാക്ഷേപ പത്രം നൽകേണ്ടത് ഇവരാണ്. അതിനാൽ പല സിനിമാ നിർമാതാക്കളെയും വരുതിക്കു നിർത്താൻ ഇവർക്കു കഴിഞ്ഞു. നിർമാതാക്കളുടെ ആധിപത്യം ഇപ്പോൾ സിനിമയിലില്ല. നടൻമാരാണ് ഇൗ വ്യവസായം ഭരിക്കുന്നത്.
നായികയായി ആര് അഭിനയിക്കണമെന്നും ആരു തിരക്കഥ എഴുതണമെന്നും അയാൾ തീരുമാനിക്കുമെന്നു വിലക്കു നേരിട്ട ഒരു നടൻ പറഞ്ഞു. വിലക്കിനെ അതിജീവിക്കാൻ നടനായിരുന്നാൽ മാത്രം പോരാ. നിർമാതാവും വിതരണക്കാരനും തിയറ്റർ ഉടമയും ഒക്കെ ആകണം. ഒടുവിൽ അതൊക്കെ ആയിത്തീർന്നാണു വിലക്കിനെ മറികടന്നതെന്നും ആ നടൻ പറഞ്ഞു.