പുതിയ 2,325 അധ്യാപക,അനധ്യാപക തസ്തിക അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെ 10–ാം ക്ലാസ് വരെയുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കഴിഞ്ഞ അധ്യയന വർഷത്തെ തസ്തിക നിർണയത്തിന്റെ അടിസ്ഥാനത്തിൽ 2,325 അധ്യാപക, അനധ്യാപക തസ്തികകൾ അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. സർക്കാർ മേഖലയിലെ 513 സ്കൂളുകളിൽ 957 തസ്തികകളും 699 എയ്ഡഡ് സ്കൂളുകളിൽ 1,368 തസ്തികകളും ആണ് അധികമായി അനുവദിക്കുക. ഇതിനായി പ്രതിമാസം 8.47 കോടി രൂപ അധിക സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നാണു സർക്കാർ കണക്ക്.
2023 ഒക്ടോബർ 1 മുതൽ മുൻകാല പ്രാബല്യം നൽകിയാണു തസ്തികകൾ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ അധ്യയന വർഷം 10–ാം ക്ലാസ് വരെയുള്ള സ്കൂളുകളിൽ 3764 തസ്തികകളാണ് നഷ്ടമായത്. മുൻ വർഷങ്ങളിൽ തസ്തിക നഷ്ടപ്പെട്ട സംരക്ഷിത അധ്യാപകരെ പുനർവിന്യസിച്ച ശേഷം ബാക്കിയുള്ള ഒഴിവിലാണ് പുതിയ നിയമനങ്ങൾ നടത്തുന്നത്. അതേസമയം ഈ അധ്യയന വർഷത്തെ തസ്തിക നിർണയ നടപടികൾ ഇതുവരെ പൂർത്തിയായിട്ടില്ല.
ഓരോ അധ്യയന വർഷവും സ്കൂളിലെ കുട്ടികളുടെ എണ്ണം അനുസരിച്ച് അധ്യാപക–അനധ്യാപക പുനർവിന്യാസവും അധിക നിയമനവും നടത്തുന്നതിനാണ് തസ്തിക നിർണയം നടത്തുന്നത്. സ്കൂളുകളിലെ ആറാം പ്രവൃത്തി ദിനത്തിലെ കുട്ടികളുടെ കണക്കനുസരിച്ച് ജൂലൈ 15ന് മുൻപ് തസ്തിക നിർണയം പൂർത്തിയാക്കണമെന്നാണ് വിദ്യാഭ്യാസ ചട്ടം. അതനുസരിച്ച് കഴിഞ്ഞ അധ്യയന വർഷം സ്കൂളുകളിൽ നടത്തേണ്ട അധിക നിയമനങ്ങളാണ് ഈ അധ്യയന വർഷം നടത്തുക. ഇത് പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാകും നിലവിലുള്ള റാങ്ക് ലിസ്റ്റുകളിൽ നിന്നുള്ള നിയമനം.
ഈ അധ്യയന വർഷത്തെ തസ്തിക നിർണയ കണക്ക് സർക്കാർ പുറത്തുവിട്ടിട്ടില്ലെങ്കിലും സ്കൂളുകളിൽ കുട്ടികൾ മുൻ വർഷത്തെക്കാൾ കുറഞ്ഞതിനാൽ കൂടുതൽ തസ്തികകൾ നഷ്ടപ്പെടാനാണ് സാധ്യത. ഈ വർഷത്തെ തസ്തിക നിർണയം അനുസരിച്ചുള്ള പുനർവിന്യാസം നടന്നിരുന്നു. എന്നാൽ എത്ര പുതിയ തസ്തികകൾ ഉണ്ടാകുമെന്ന് ഇതുവരെ വ്യക്തതയില്ല.