‘ഹൃദയപൂർവം’ ആൻമരിയ; മലയാള മനോരമയും മദ്രാസ് മെഡിക്കൽ മിഷനും ചേർന്നു സംഘടിപ്പിക്കുന്ന ‘ഹൃദയപൂർവം’ പദ്ധതി രജത ജൂബിലിയിൽ
Mail This Article
കൊച്ചി ∙ ആൻമരിയ സ്റ്റീഫന്റെ ജീവിതത്തിന്റെ ഹൃദയതാളമാണ് ‘ഹൃദയപൂർവം’. ഒരു വട്ടമല്ല, മൂന്നുവട്ടമാണ് ആൻമരിയയെ ‘ഹൃദയപൂർവം’ ചേർത്തുപിടിച്ചത്. ജന്മനാ ഹൃദയസംബന്ധമായ അസുഖം. പല ആശുപത്രികളിലും കാണിച്ചു. 2010ൽ മലയാള മനോരമയിൽ വന്ന ‘ഹൃദയപൂർവം’ പദ്ധതിയെക്കുറിച്ചുള്ള വാർത്തയാണ് ആൻമരിയയുടെ സന്തോഷത്തിലേക്കുള്ള വാതിൽ തുറന്നത്.
കോട്ടയത്തു നടന്ന ഹൃദയപൂർവം ക്യാംപിൽ പങ്കെടുത്തു. 2010ൽ മദ്രാസ് മെഡിക്കൽ മിഷനിൽ ആദ്യ ശസ്ത്രക്രിയ. 2014ൽ ഹൃദയപൂർവം പദ്ധതിയിലൂടെ രണ്ടാമത്തെ ശസ്ത്രക്രിയ. ആൻമരിയയുടെ ഹൃദയം സാധാരണ സ്ഥിതിയിലായി. കുടുംബം ഏറെ സന്തോഷിച്ചു.
കോവിഡ് കാലത്തിനുശേഷം വീണ്ടും വിഷമസന്ധി. ഹൃദയമിടിപ്പ് അസാധാരണമായി കൂടി. 2022ൽ ഹൃദയപൂർവം ക്യാംപിലേക്കു വീണ്ടുമെത്തി. വീണ്ടും ശസ്ത്രക്രിയ. രോഗമുക്തി നേടിയ ആൻമരിയ ഇപ്പോൾ പത്താം ക്ലാസിലാണ്.
മലയാള മനോരമയും മദ്രാസ് മെഡിക്കൽ മിഷനും ചേർന്നൊരുക്കുന്ന സൗജന്യ ഹൃദയ ശസ്ത്രക്രിയാപദ്ധതി ‘ഹൃദയപൂർവ’ത്തിലൂടെ ജീവിതം തിരികെപ്പിടിച്ചവരിൽ ഒരാളാണ് ആൻമരിയ. 25 വർഷം പൂർത്തിയാക്കുന്ന പദ്ധതിയിലൂടെ ഇതുവരെ ശസ്ത്രക്രിയയ്ക്കു വിധേയരായത് 2400 പേർ. ഈ വർഷം കൊല്ലത്തു നടന്ന ആദ്യത്തെ ക്യാംപിലൂടെ 90 പേരെ ശസ്ത്രക്രിയയ്ക്കു തിരഞ്ഞെടുത്തു. ഇതിൽ 46 പേരുടേതു പൂർത്തിയായി.
കൊച്ചി ക്യാംപ്: റജിസ്ട്രേഷൻ 27 വരെ; പരിശോധന 31 മുതൽ
∙‘ഹൃദയപൂർവം’ പദ്ധതിയുടെ ഇൗ വർഷത്തെ രണ്ടാമത്തെ പരിശോധനാ ക്യാംപ് കൊച്ചി കടവന്ത്ര ലയൺസ് ക്ലബ് കമ്യൂണിറ്റി സെന്ററിൽ ഓഗസ്റ്റ് 31, സെപ്റ്റംബർ 1 തീയതികളിൽ നടക്കും. പ്രതിവർഷ വരുമാനം 60,000 രൂപയിൽ താഴെയുള്ള കുടുംബങ്ങളിലെ ഹൃദ്രോഗികൾക്കാണ് അർഹത. 60 വയസ്സിൽ താഴെയുള്ളവർക്കു മുൻഗണനയുണ്ട്. വരുമാനം തെളിയിക്കുന്ന വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റും മുൻ ചികിത്സാരേഖകളും ഹാജരാക്കണം.
മുൻപു ‘ഹൃദയപൂർവം’ പദ്ധതി വഴി ശസ്ത്രക്രിയയ്ക്കു വിധേയരായവരുടെ തുടർപരിശോധനയും ഈ ദിവസങ്ങളിൽ നടക്കും. പരിശോധനയ്ക്കുശേഷം മദ്രാസ് മെഡിക്കൽ മിഷനിലെ വിദഗ്ധ ഡോക്ടർമാരുടെ സമിതി ശസ്ത്രക്രിയ ആവശ്യമായവരുടെ മുൻഗണനപ്പട്ടിക തയാറാക്കും.
27നു മുൻപ് റജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 98953 99491. (പ്രവൃത്തി ദിനങ്ങളിൽ രാവിലെ 10 മുതൽ 6 വരെ പേരുകൾ റജിസ്റ്റർ ചെയ്യാം).