മികവിന്റെ വഴികളിലൂടെ ശാരദ; ചീഫ് സെക്രട്ടറി പദവിയിലെത്തുന്ന അഞ്ചാമത്തെ വനിത
Mail This Article
തിരുവനന്തപുരം ∙ വഹിച്ച പദവികളിലെല്ലാം മികവു തെളിയിച്ചാണു ശാരദ മുരളീധരൻ ചീഫ് സെക്രട്ടറി സ്ഥാനത്തേക്കെത്തുന്നത്. തദ്ദേശവകുപ്പിന്റെ ചുമതല വഹിക്കുമ്പോൾ കുടുംബശ്രീ അംഗങ്ങളുടെ ഉന്നമനത്തിനായി നടത്തിയ ഇടപെടലുകൾ ശ്രദ്ധേയം. പിണറായി സർക്കാരിന്റെ പ്രധാന കർമ പദ്ധതിയായ മാലിന്യമുക്തം നവകേരളത്തിനു ചുക്കാൻ പിടിച്ചു.
എൻജിനീയറിങ് കോളജ് അധ്യാപകരായിരുന്ന ഡോ.കെ.എ.മുരളീധരന്റെയും കെ.എ.ഗോമതിയുടെയും മകളായ ശാരദയുടെ സ്വദേശം തിരുവനന്തപുരം തൈക്കാടാണ്. എസ്എസ്എൽസിക്കും ബിരുദാനന്തര ബിരുദത്തിനും ഒന്നാം റാങ്ക്. 1988ൽ സിവിൽ സർവീസസ് പരീക്ഷയെഴുതിയെങ്കിലും കിട്ടിയത് ഐആർഎസിലേക്കാണ്. അടുത്ത വർഷം വീണ്ടുമെഴുതിയപ്പോൾ വി.വേണു ഉൾപ്പെട്ട ഐഎഎസ് ബാച്ചിന്റെ ഭാഗമായി. തൃശൂർ അസിസ്റ്റന്റ് കലക്ടറായിട്ടായിരുന്നു ആദ്യ നിയമനം. മകൾ കല്യാണി നർത്തകിയും മകൻ ശബരി ഗ്രാഫിക്സ് ആർട്ടിസ്റ്റുമാണ്.
ചീഫ് സെക്രട്ടറി പദവിയിൽദമ്പതിമാർ മുൻപും
∙വി.രാമചന്ദ്രനും പത്മ രാമചന്ദ്രനുമായിരുന്നു ആദ്യമായി കേരളത്തിന്റെ ചീഫ് സെക്രട്ടറി പദം അലങ്കരിച്ച ദമ്പതികൾ. വി.രാമചന്ദ്രൻ 1984–87 കാലത്തും പത്മ രാമചന്ദ്രൻ 1990–91 കാലത്തുമാണു ചീഫ് സെക്രട്ടറി ആയത്. 2004–2005ൽ ബാബു ജേക്കബും 2006–2007ൽ ലിസി ജേക്കബും ഇതേ പദവിയിലെത്തി.
കേരളത്തിന്റെ അഞ്ചാമത്തെ വനിതാ ചീഫ് സെക്രട്ടറിയായിരിക്കും ശാരദ മുരളീധരൻ. പത്മ രാമചന്ദ്രൻ, ലിസി ജേക്കബ്, നീല ഗംഗാധരൻ, നളിനി നെറ്റോ എന്നിവരാണു മറ്റു വനിതകൾ.