ഹേമ കമ്മിറ്റി റിപ്പോർട്ട്: സർക്കാരിന് അന്വേഷണം നടത്താം
Mail This Article
കൊച്ചി∙ പൗരന്റെ ജീവനും അന്തസ്സിനും ഭീഷണിയാവുന്ന സാഹചര്യം വനിതാ ചലച്ചിത്രപ്രവർത്തകർ നേരിടുന്നുണ്ടെന്നു ജസ്റ്റിസ് കെ.ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്ന സാഹചര്യത്തിൽ അന്വേഷണം പ്രഖ്യാപിക്കാനുള്ള ധാർമിക ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനുള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഈ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആരെങ്കിലും ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചാൽ നിയമ നടപടികൾക്കു തുടക്കമായേക്കാം. ഇന്നലെ തിരുവനന്തപുരം സ്വദേശി പായിച്ചിറ നവാസ് ഇത്തരമൊരു ഹർജി ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന, ലൈംഗിക അതിക്രമം നടത്തിയവർക്കെതിരെ ക്രിമിനൽ നടപടി ആരംഭിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി ഇന്നു പരിഗണിക്കും.റിപ്പോർട്ടിന്റെ ഭാഗമായി ഇരകളുടെ ഒപ്പുവച്ച മൊഴികൾ സമർപ്പിക്കാത്തതാണ് അന്വേഷണം പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാരിനു വിലങ്ങുതടിയാവുന്നതെന്നാണു സർക്കാരുമായി ബന്ധപ്പെട്ടവർ വിശദീകരിക്കുന്നത്
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിഗമനങ്ങൾക്കു കാരണമായ സാക്ഷിമൊഴികളുടെ വെളിച്ചത്തിൽ ‘വസ്തുതാന്വേഷണം’ നടത്താൻ പ്രത്യേക സംഘത്തെ നിയോഗിക്കാൻ കഴിയും. കേസിൽ കക്ഷിചേരാനും മൊഴിനൽകാനും തയ്യാറാവുന്നവരുടെ വിശദ മൊഴികൾ വീണ്ടും രേഖപ്പെടുത്തി പ്രോസിക്യൂഷൻ നടപടികളിലേക്കും നീങ്ങാനാവും.
റിപ്പോർട്ടിന്റെ വെളിച്ചത്തിൽ വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുന്നത് ഉചിതമായ നടപടിയാവുമെന്നു ചില നിയമവിദഗ്ധരും പറയുന്നു.