ADVERTISEMENT

കുറുപ്പംപടി (കൊച്ചി)∙ വേങ്ങൂർ അരുവപ്പാറയിൽ യുവതി ആത്മഹത്യ ചെയ്യാൻ കാരണം ഉത്തരേന്ത്യൻ ഓൺലൈൻ ലോൺ ആപ് സംഘത്തിന്റെ ഭീഷണിയെന്നു പൊലീസ്. ഇവരെ തിരിച്ചറിഞ്ഞ പൊലീസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു . യുവതിയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ അയച്ചതാണു ജീവനൊടുക്കാൻ കാരണമെന്നാണ് സൂചന.

കണിച്ചാട്ടുപാറ അരുവാപ്പാറ കുരിയപ്പുറം വീട്ടിൽ ആരതിയെയാണ് (31) ചൊവ്വാഴ്ച കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഓൺലൈൻ ലോൺ ആപ്പുകൾ വഴി ആരതി വായ്പ എടുത്തിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. വലിയ തുക വായ്പയെടുക്കുന്നതിനുള്ള ശ്രമമാണ് മരണത്തിലേക്കു നയിച്ചതെന്നാണു സൂചന. വലിയ തുക വായ്പ ലഭിക്കുന്നതിന് പ്രോസസിങ് ഫീസ് ആയി ആവശ്യപ്പെട്ട തുകയ്ക്കായി മറ്റൊരു ലോൺ ആപ്പിൽ നിന്നു വായ്പയെടുത്തു. പ്രോസസിങ് ഫീസ് നൽകിക്കൊണ്ടിരുന്നതല്ലാതെ വായ്പ കിട്ടിയില്ല. ചെറിയ തുക തിരിച്ചടയ്ക്കാനുമായില്ല. ഇതോടെ ഉത്തരേന്ത്യൻ ലോൺ ആപ് സംഘം ഭീഷണി തുടങ്ങി. മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും മറ്റും പറഞ്ഞു മാനസികമായി പീഡിപ്പിച്ചു. മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ യുവതിയുടെയും ഭർത്താവിന്റെയും ഫോണിലേക്ക് അയച്ചതായാണു സൂചന. ഇതോടെയാണ് യുവതി ജീവനൊടുക്കിയത്.

യുവതിയുടെ ഫോൺ പരിശോധിച്ചതിൽ നിന്ന് ലോൺ ആപ്പുകാരുടെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. ഫോൺ കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണ സംഘത്തലവൻ കുറുപ്പംപടി ഇൻസ്പെക്ടർ വി.എം.കഴ‌്സന്റെ നേതൃത്വത്തിൽ വിപുലമായ അന്വേഷണം ആരംഭിച്ചു. ആരതിയുടെ സംസ്കാരം നടത്തി.

കുരുന്നുകൾക്കു നഷ്ടം പ്രിയപ്പെട്ട അമ്മയെ

ഓൺലൈൻ ലോൺ ആപ്പുകാരുടെ ഭീഷണിയിൽ ദേവദത്തിനും ദേവസൂര്യക്കും നഷ്ടമായത് പ്രിയപ്പെട്ട അമ്മയെ. ആരതിയുടെ മക്കളായ ദേവദത്തിന് 7 വയസ്സും ദേവസൂര്യയ്ക്ക് രണ്ടര വയസ്സുമാണ്. ആതിരയുടെ ഭർത്താവ് അനീഷ് വിദേശത്തു ജോലി ചെയ്യുകയാണ്. 2 മാസം മുൻപാണ് സൗദിയിലേക്കു പോയത്. ഭർത്താവിന്റെ മാതാപിതാക്കൾക്കൊപ്പമായിരുന്നു ആതിരയും മക്കളും.

   ചൊവ്വാഴ്ച ഉച്ചയ്ക്ക് അയൽവാസികളോട് സംസാരിച്ച ശേഷം വീട്ടിലേക്കു പോയതാണ്. മാതാപിതാക്കൾക്കും മക്കൾക്കും ഭക്ഷണം എടുത്തു നൽകിയ ശേഷം കിടപ്പുമുറിയിൽ കയറിയ ആതിര വാതിൽ തുറക്കാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. അനീഷ് ഇന്നലെ പുലർച്ചെ നാട്ടിലെത്തി.

English Summary:

Police says death of young woman due to threat of North Indian loan app gang

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com