ADVERTISEMENT

ന്യൂഡൽഹി ∙ ഇടുക്കിയിലെ ഏലമലക്കാടുകളെക്കുറിച്ച് കേരള സർക്കാരിന്റെ 2 വകുപ്പുകളിൽ രേഖകൾ വ്യത്യസ്തമാകുന്നത് എങ്ങനെയെന്നു സുപ്രീം കോടതി ചോദിച്ചു. കൃത്രിമരേഖകൾ കാട്ടി ഇടുക്കി ജില്ലയിൽ 2 ലക്ഷത്തിലധികം ഏക്കർ ഭൂമി വനഭൂമിയാക്കാൻ ശ്രമം നടത്തിയെന്ന കേസ് പരിഗണിക്കുകയായിരുന്നു കോടതി. കാർഡമം ഹിൽ റിസർവ് സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ ഹാജരാക്കാൻ വനം, റവന്യു വകുപ്പുകൾക്ക് കോടതി നിർദേശം നൽകി. 

കാർഡമം ഹിൽ റിസർവിന്റെ സ്വഭാവം, വിസ്തീർണം എന്നിവ സംബന്ധിച്ച് വനം, റവന്യു വകുപ്പുകൾക്ക് വ്യത്യസ്ത നിലപാടാണെന്ന കാര്യം അമിക്കസ് ക്യൂറി കെ. പരമേശ്വർ ആണ് ചൂണ്ടിക്കാട്ടിയത്. തുടർന്നാണ് ജസ്റ്റിസ് ബി.ഗവായ് അധ്യക്ഷനായ ബെഞ്ച് കൃത്യമായ വിവരങ്ങൾ നൽകാൻ നിർദേശം നൽകിയത്. തിരുവിതാംകൂർ ഭരണ റിപ്പോർട്ട് പ്രകാരം ഏലമലക്കാടുകളുടെ വിസ്തീർണം 2,15,720 ഏക്കർ ആണ്. എന്നാൽ സർക്കാർ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ 15720 ഏക്കർ ആണെന്ന്  അമിക്കസ് ക്യൂറി പറഞ്ഞു. ഹർജി സെപ്റ്റംബർ 24നു പരിഗണിക്കും.

കോടതി നിയോഗിച്ച ഉന്നതാധികാര സമിതിക്ക് (സിഇസി) രേഖകൾ കൈമാറാത്ത വിഷയത്തിൽ കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാനുള്ള നീക്കം കോടതി ഒഴിവാക്കി. കോടതിയിൽ ഹാജരായ, ലാൻഡ് റവന്യു കമ്മിഷണർ എ.കൗശിക്, പ്രിൻസിപ്പൽ സെക്രട്ടറിയുടെ അഡീഷനൽ സെക്രട്ടറി      ടി.ആർ.ജയ്പാൽ എന്നിവർ നടപടിയിൽ ഖേദം അറിയിച്ചതിനെ തുടർന്നാണിത്. സിഇസി ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കുകയും ചെയ്തു.

കേരള സർക്കാരിനായി ജയ്ദീപ് ഗുപ്ത, സ്റ്റാൻഡിങ് കൗൺസൽ നിഷെ രാജൻ ശങ്കർ, കർഷക സംഘടനകൾക്കായി അഭിഭാഷകരായ അനിത ഷേണായ്, റോയ് ഏബ്രഹാം, സാജു ജേക്കബ് എന്നിവർ ഹാജരായി. വൺ എർത്ത് വൺ ലൈഫിന് വേണ്ടി രാഗേന്ദ് ബസന്ത്, എ.കാർത്തിക് എന്നിവരും ഹാജരായി.

English Summary:

Supreme Court wants accurate information about idukki cardamom hill reserve

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com