ട്രഷറിയിലെ ഉടമകളെത്താത്ത 233 ലക്ഷം സർക്കാർ കണ്ടുകെട്ടണമെന്ന് എ.ജി.
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്തെ ട്രഷറി ശാഖകളിൽ ഉടമകളെത്താതെ കിടക്കുന്ന 233 ലക്ഷം രൂപ എത്രയും വേഗം സർക്കാർ കണ്ടുകെട്ടണമെന്നു അക്കൗണ്ടന്റ് ജനറൽ. കഴിഞ്ഞ സാമ്പത്തിക വർഷം ട്രഷറിയിൽ നടത്തിയ ഓഡിറ്റിന്റെ റിപ്പോർട്ടിലാണ് എജി നിർദേശം നൽകിയത്. 2019ൽ സർക്കാർ നിർത്തലാക്കിയ പ്രളയ സെസ് പിരിവ് ചില മേഖലകളിൽ ഇപ്പോഴും തുടരുന്നുവെന്നു സൂചിപ്പിക്കുന്ന കണക്കുകളും പരിശോധനയിൽ കണ്ടെത്തി. 2023–24ൽ 2.99 കോടി രൂപ പ്രളയ സെസ് വരുമാനമായി ട്രഷറിയിൽ എത്തിയെന്നു കണ്ടെത്തി. 2018 ഓഗസ്റ്റ് മുതൽ 2 വർഷത്തേക്കാണ് പ്രളയ സെസ് ഏർപ്പെടുത്തിയത്. 1,200 കോടി രൂപ വരുമാനം പ്രതീക്ഷിച്ചിടത്ത് 2,118 കോടി രൂപ സർക്കാരിനു ലഭിക്കുകയും ചെയ്തു.
പല ട്രഷറികളിലും ക്രമക്കേടും പരിശോധനയിൽ കണ്ടെത്തി. 5 വർഷം തുടർച്ചയായി ഇടപാടു നടക്കാത്ത അക്കൗണ്ടുകളെ നിർജീവ അക്കൗണ്ടുകളായി കരുതണം. ഇൗ നിക്ഷേപങ്ങൾക്കു പലിശ ക്രെഡിറ്റ് ചെയ്യുന്നതു നിർത്തുകയും പലിശ ഒഴികെയുള്ള തുക സർക്കാരിന്റെ വരുമാനത്തിലേക്കു മാറ്റുകയും വേണം. 1,020 നിർജീവ അക്കൗണ്ടുകളിലായി 233 ലക്ഷം രൂപയാണുള്ളത്. മറ്റു കണ്ടെത്തലുകളും ശുപാർശകളും:
∙ ട്രഷറിയിൽ ഓൺലൈൻ ബാങ്കിങ് സൗകര്യമുണ്ടെങ്കിലും പല സേവനങ്ങൾക്കും ശാഖയിൽ നേരിട്ടെത്തേണ്ട അവസ്ഥയാണ്. ഇതിൽ മാറ്റം വരുത്തണം.
∙ ട്രഷറിയിലെ ഇടപാടുകാരുടെ അടക്കം വിവരങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ആപ്ലിക്കേഷൻ സെർവർ എത്രയും വേഗം സ്ഥാപിക്കണം.
∙ പ്രതിമാസ അക്കൗണ്ട് രേഖകളിൽ നിന്നു വൗച്ചറുകൾ കാണാതാകുന്നത് ക്രമക്കേടുകൾക്കു വഴിയൊരുക്കും. 16 കോടിയുടെ വൗച്ചറുകളാണ് വിവിധ ട്രഷറികളിൽ നിന്നു ലഭിക്കാനുള്ളത്.
∙ ഭവന നിർമാണ അഡ്വാൻസിലെ 63 കോടി പ്രിൻസിപ്പൽ തുകയുടെയും 425 കോടി പലിശയുടെയും ചെലാൻ സമർപ്പിച്ചിട്ടില്ല.
∙ സോഫ്റ്റ്‌വെയറിൽ ആവശ്യത്തിനു മാറ്റങ്ങൾ വരുത്താത്തതു കാരണം സർവീസ് പെൻഷൻ നിർണയത്തിൽ പാളിച്ചകൾ സംഭവിക്കുന്നു. 171 പേർക്കായി 20 ലക്ഷം രൂപ കുടുംബ പെൻഷൻ അധികം നൽകി. മെഡിക്കൽ അലവൻസും ഉത്സവബത്തയും അധികം നൽകി. ചിലർക്കു കുടുംബ പെൻഷൻ പരിഷ്കരിച്ചിട്ടില്ല.
∙ ഡിഡിഒമാർ അഡ്വാൻസ് വാങ്ങിയിട്ട് 29 കോടി രൂപയുടെ കണക്കുകൾ സമർപ്പിച്ചിട്ടില്ല.
∙ നിക്ഷേപത്തിന്റെ പലിശ വരുമാനം വർഷത്തിൽ 5,000 രൂപയിൽ കൂടുതലാണെങ്കിൽ ആദായ നികുതി ഇൗടാക്കേണ്ടതുണ്ട്. എന്നാൽ എല്ലാ അക്കൗണ്ടുകളിലും ഇതു നടപ്പാക്കിയിട്ടില്ല.
∙ ഒരു കൈവൈസിക്കു കീഴിൽത്തന്നെ ഒന്നിലേറെ അക്കൗണ്ടുകൾ അനുവദിക്കുന്നു. ആധാർ നമ്പർ തെറ്റായി രേഖപ്പെടുത്തിയ ഒട്ടേറെ അക്കൗണ്ടുകളും കണ്ടെത്തി.