സിനിമാ റേറ്റിങ്ങിന്റെ പേരിൽ 46 ലക്ഷം തട്ടി; 4 പേർ അറസ്റ്റിൽ
Mail This Article
കയ്പമംഗലം (തൃശൂർ) ∙ മൊബൈൽ ആപ് വഴി സിനിമകൾക്കു സ്റ്റാർ റേറ്റിങ് നൽകി പണമുണ്ടാക്കാമെന്നു വാഗ്ദാനം ചെയ്തു പലതവണയായി യുവാവിൽ നിന്നു 46 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കൊല്ലം കടയ്ക്കൽ സ്വദേശി അബ്ദുൽ അയൂബ് (25), മടത്തറ സ്വദേശികളായ ഷിനാജ് (25), അസ്‍ലം (21), തിരുവനന്തപുരം ആനാട് സ്വദേശി ഷഫീർ (29) എന്നിവരെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ഓരോ റേറ്റിങ്ങിനും 500 മുതൽ 1000 രൂപവരെ പ്രതിഫലം നൽകി വിശ്വാസമാർജിച്ച ശേഷം ഷെയർ ട്രേഡിങ്ങിൽ പങ്കാളിയാക്കാമെന്നു പറഞ്ഞാണ് കയ്പമംഗലം സ്വദേശിയായ മഹേഷിൽ നിന്നു പണം തട്ടിയത്.
സമൂഹമാധ്യമമായ ടെലിഗ്രാം വഴി കൈമാറ്റം ചെയ്യപ്പെടുന്ന പ്ലെക്സ് എന്ന സിനിമാ നിരൂപണ മൊബൈൽ ആപ്ലിക്കേഷന്റെ പേരിലാണു തട്ടിപ്പ്. സിനിമകൾക്കു 5 സ്റ്റാർ റേറ്റിങ് നൽകിയാൽ പ്രതിഫലമെന്നതായിരുന്നു വാഗ്ദാനം. ആദ്യം നൽകിയ റേറ്റിങ്ങുകൾക്കു പണം നൽകുകയും പിന്നീട് ഷെയർ ട്രേഡിങ്ങിൽ പങ്കാളിയാക്കാമെന്നു വിശ്വസിപ്പിച്ചു കൂടുതൽ പണം നിക്ഷേപിപ്പിക്കുകയും ചെയ്തു. മഹേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.