ഐടിഐ പിള്ളേർ സ്പാനർ എടുത്തു,‘ടാറ്റ മെഴ്സിഡീസ് ബെൻസ്’ പുനർജനിച്ചു
Mail This Article
രാജകുമാരി∙ എംജിഎം ഐടിഐയിലെ പിള്ളേർ ചെറിയ സ്പാനറും വലിയ സ്പാനറും എടുത്തു. 59 വർഷം മുൻപു തിരുവനന്തപുരം രാജവീഥി അടക്കിവാണ അസ്സൽ ആനവണ്ടിക്കു പുനർജന്മം. ടാറ്റയും മെഴ്സിഡീസും സംയുക്തമായി നിർമിച്ച ‘ടാറ്റ മെഴ്സിഡീസ് ബെൻസ്’ എന്ന ബസാണു വിദ്യാർഥികൾ ശരിയാക്കിത്തന്നത് ! ഇന്ന് ഇന്ത്യയിൽ ഇതേ മോഡലിലുള്ള 2 ബസുകൾ മാത്രമാണുള്ളത്. കെഎൽഎക്സ് 604 എന്ന നമ്പറിൽ 1965ലാണു ബസ് കെഎസ്ആർടിസിയുടെ ഭാഗമായത്.
46 വർഷം മുൻപു എംജിഎം ഐടിഐ ഈ ബസ് ലേലത്തിൽ പിടിച്ചതോടെ ഇടുക്കിയിലെത്തി. 4 വർഷം മുൻപു വരെ സ്റ്റാർട്ട് ചെയ്യാൻ കഴിയുമായിരുന്നു. പിന്നീട് പണിമുടക്കി. ബസിന്റെ രേഖകൾ എല്ലാം ഇപ്പോഴും ഐടിഐ ഓഫിസിൽ സൂക്ഷിച്ചിട്ടുണ്ട്.
എൻജിൻ ഭാഗത്തിനു കാര്യമായ തകരാറുകൾ ഇല്ലാത്ത ബസ് നവീകരിക്കാം എന്ന് വിദ്യാർഥികൾ തീരുമാനിക്കുകയായിരുന്നു. ബസിന്റെ അലുമിനിയം ബോഡി പൂർണമായി നവീകരിച്ചു. എൻജിൻ കറക്കി വേണം സ്റ്റാർട്ട് ചെയ്യാൻ. സ്റ്റാർട്ടാകുമെങ്കിലും ബസ് ഓടില്ല. ഒരിടത്തു തന്നെ കിടക്കുന്ന ബസിനായി ഒരു ഗാരിജും നിർമിച്ചിട്ടുണ്ട്. ഐടിഐ മാനേജിങ് ഡയറക്ടർ ഫാ.എൽദോസ് പുളിക്കകുന്നേലും പ്രിൻസിപ്പൽ ബ്ലെസി ജോണിയും ചേർന്നു ബസ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.