സർക്കാർ ആശുപത്രികളിൽ ഇനി ഡിജിറ്റൽ പേയ്മെന്റും
Mail This Article
തിരുവനന്തപുരം ∙ മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിലെ വിവിധ സേവനങ്ങൾക്കുള്ള ഫീസുകൾ ഇനി ഡിജിറ്റലായി നൽകാം. ഡെബിറ്റ്– ക്രെഡിറ്റ് കാർഡുകൾ, യുപിഐ എന്നിവ വഴി പണം കൈമാറാനാണ് അവസരം ഒരുക്കുന്നത്. നിലവിൽ എന്തു സേവനത്തിനും കറൻസി മാത്രമേ സ്വീകരിക്കുകയുള്ളൂ. രോഗികളുമായി രാത്രികാലങ്ങളിൽ അത്യാഹിത വിഭാഗത്തിൽ എത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പണമെടുക്കാൻ എടിഎം തേടിപ്പോകേണ്ടിവരുന്ന സ്ഥിതിയാണ് നിലവിൽ. ഇ ഹെൽത്ത് പദ്ധതിയിലൂടെ നെറ്റ്‌വർക് ചെയ്തിട്ടുള്ള 63 ആശുപത്രികളിൽ ആദ്യഘട്ടത്തിൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ആരംഭിക്കും.
ഇതിനായി 249 പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) മെഷീനുകൾ സജ്ജമാക്കി. 624 ആശുപത്രികളിലാണ് ഇ ഹെൽത്ത് സംവിധാനമുള്ളത്. വൈകാതെ ഇത്രയും ആശുപത്രികളിൽ ഡിജിറ്റലായി പണം സ്വീകരിക്കും. ഒപി ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം എല്ലാ ആശുപത്രികളിലും നടപ്പാക്കും. ഇപ്പോൾ ഇ ഹെൽത്ത് നെറ്റ്‌വർക്കിലുള്ള ആശുപത്രികളിലാണ് ഈ സൗകര്യമുള്ളത്. ആദ്യഘട്ടത്തിൽ 80 ആശുപത്രികളിലാണ് ഈ സൗകര്യം ഏർപ്പെടുത്തുന്നത്.