മലയാള മനോരമയുടെ ‘ഹോർത്തൂസ് വായന’യിൽ ഗുരുവായ ജി.ദേവരാജനെ അനുസ്മരിച്ച് എം.ജയചന്ദ്രൻ
Mail This Article
തിരുവനന്തപുരം∙ ദേവരാജൻ മാസ്റ്ററുടെ ശിഷ്യനാകാൻ കഴിഞ്ഞതാണു ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്നു സംഗീത സംവിധായകൻ എം.ജയചന്ദ്രൻ. ‘കുരുത്തക്കേടുകളുടെ പേരിൽ പലവട്ടം പിടിച്ചു പുറത്താക്കിയിട്ടുണ്ട്. പക്ഷേ ക്ഷമിച്ചു തിരികെ വിളിക്കാനും തയാറായി. മാസ്റ്റർ അതിനു തയാറായിരുന്നില്ലെങ്കിൽ ഇന്നു കാണുന്ന ജയചന്ദ്രൻ ഉണ്ടാകുമായിരുന്നില്ല’ – മലയാള മനോരമ നവംബർ 1 മുതൽ 3 വരെ കോഴിക്കോട്ടു നടത്തുന്ന ‘ഹോർത്തൂസ് സാഹിത്യ സാംസ്കാരികോത്സവ’ത്തിനു മുന്നോടിയായി ഓൾ സെയിന്റ്സ് കോളജിൽ സംഘടിപ്പിച്ച ‘ഹോർത്തൂസ് വായന’ പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
സംഗീത സംവിധായകൻ ജി.ദേവരാജനെക്കുറിച്ച് ജയചന്ദ്രൻ എഴുതിയ ‘വരിക ഗന്ധർവഗായകാ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയായിരുന്നു ചർച്ച. ഗായികയും ഒഎൻവി കുറുപ്പിന്റെ കൊച്ചു മകളുമായ അപർണ രാജീവ്, എഴുത്തുകാരി എം.പി.പവിത്ര എന്നിവർ ദേവരാജൻ മാസ്റ്ററും എം.ജയചന്ദ്രനും തമ്മിലുള്ള ബന്ധത്തെപ്പറ്റി പുസ്തകത്തെ ആധാരമാക്കി പ്രസംഗിച്ചു.‘ഈ പുസ്തകം ഒരു ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധത്തെപ്പറ്റിയാണ്.
സംഗീതം അതെഴുതാനുള്ള മാധ്യമം മാത്രമായിരുന്നു’– ജയചന്ദ്രൻ പറഞ്ഞു. ഒരിക്കൽ സംഗീതപരിപാടിക്കു താൻ തംബുരു മീട്ടിയ ശേഷം അലക്ഷ്യമായി ഒരിടത്തു വച്ചു. മടങ്ങിവന്നപ്പോൾ തംബുരുവിന്റെ കുടം പൊട്ടിയിരിക്കുന്നു. മാസ്റ്റർക്ക് കോപം മൂക്കിൻതുമ്പത്താണ്. അദ്ദേഹം വഴക്കുപറയുമെന്നു ഭയന്ന് അവിടെനിന്നു മാറി. അവനെ ഇവിടെ കണ്ടുപോകരുത് എന്നായിരുന്നു മാസ്റ്ററുടെ കൽപന. പിന്നീട് അമ്മ അപേക്ഷിച്ചിട്ടാണ് വീണ്ടും കൂട്ടിയത്.
അന്ന് ഒരു ചിത്രം കാണിച്ചു. പണ്ഡിറ്റ് രവിശങ്കർ വളരെ ശ്രദ്ധയോടെ തന്റെ സിത്താർ മാറോടു ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രം. സംഗീതം കെടാവിളക്കുപോലെ കൊണ്ടുപോകണം, ഒപ്പം തന്റെ ഉപകരണവും സൂക്ഷിക്കണം. മാസ്റ്റർ പറഞ്ഞതു ജീവിതത്തിലെ വലിയ പാഠമായിരുന്നു. ജി.ദേവരാജൻ അന്തരിച്ചതിന്റെ തലേന്ന് അദ്ദേഹത്തെ സ്വപ്നത്തിൽ കണ്ട അനുഭവവും ജയചന്ദ്രൻ പങ്കുവച്ചു.
മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം, ഓൾ സെയിന്റ്സ് കോളജ് ഇംഗ്ലിഷ് വിഭാഗം എച്ച്ഒഡി ഇൻ ചാർജ് ഡോ. കുക്കു സേവ്യർ, ബി.എസ്.ആർച്ച എന്നിവർ പ്രസംഗിച്ചു.