രഞ്ജിത് അപമര്യാദയായി പെരുമാറിയെന്ന് നടി ശ്രീലേഖ മിത്ര; താൻ ഇരയെന്ന് രഞ്ജിത്ത്
Mail This Article
കൊൽക്കത്ത∙ സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത് അപമര്യാദയായി പെരുമാറിയതായി ബംഗാളി നടി ശ്രീലേഖ മിത്ര. പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ ശേഷം രഞ്ജിത് വളകളിൽ തൊടുന്ന ഭാവത്തിൽ കൈയിൽ സ്പർശിച്ചതായും മുടിയിൽ തലോടിയതായും അവർ പറഞ്ഞു.
കഴുത്തിൽ സ്പർശിക്കാൻ ശ്രമിച്ചതോടെ മുറിയിൽ നിന്നിറങ്ങി. ഇതേത്തുടർന്ന് സിനിമയിൽ അഭിനയിക്കാതെ പിറ്റേന്നു തന്നെ മടങ്ങി. ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല. എന്നാൽ അതിലേക്കുള്ള സൂചനകൾ നൽകുന്നതായിരുന്നു രഞ്ജിത്തിന്റെ പെരുമാറ്റം.
ശ്രീലേഖ മിത്രയുടെ അനുഭവത്തെക്കുറിച്ച് അന്നു തന്നെ അവർ തന്നോട് പറഞ്ഞതായി ഡോക്യൂമെന്ററി സംവിധായകൻ ജോഷി ജോസഫ്. കൊൽക്കത്തയിലും കേരളത്തിലുമായി താമസിക്കുന്ന താൻ അന്ന് നാട്ടിലായിരുന്നു. ശ്രീലേഖയെ വിളിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. തുടർന്ന് ശ്രീലേഖയെ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നു.
ഞാൻ ഇര: രഞ്ജിത്ത്
‘പാലേരി മാണിക്യ’ത്തിൽ അഭിനയിക്കാനല്ല ഓഡിഷനുവേണ്ടിയാണ് ശ്രീലേഖയെ വിളിച്ചുവരുത്തിയത്. അവരുടെ പ്രകടനം തൃപ്തികരമായി ഞങ്ങൾക്ക് തോന്നിയില്ല. എന്നോട് ഒരു സിഗരറ്റ് വാങ്ങി വലിച്ചു എന്നതിനപ്പുറം അവരോട് അടുത്ത് പെരുമാറേണ്ട ഒരാവശ്യവും ഉണ്ടായിട്ടില്ല. അഭിനയത്തിൽ ഞങ്ങൾ തൃപ്തരല്ലെന്ന കാര്യം പിറ്റേന്നു തന്നെ സഹസംവിധായകൻ ശങ്കർ രാമകൃഷ്ണൻ അവരെ അറിയിക്കുകയും ചെയ്തു. അപ്പോൾ അവർ ശങ്കറിനോട് ക്ഷോഭിച്ചു സംസാരിച്ചതായി അറിഞ്ഞിരുന്നു.
ഇപ്പോൾ ഇങ്ങനെയൊരു വിവാദം ഉയർത്തിക്കൊണ്ടുവരുന്നതിനു പിന്നിലെ ലക്ഷ്യം മറ്റെന്തോ ആണ്. ഇവിടെ ഞാൻ ഇരയും അവർ വേട്ടക്കാരനുമാണ്. അവർ നിയമപരമായി നീങ്ങിയാൽ, ഞാൻ ആ വഴിക്കുതന്നെ അതിനെ നേരിടും.