കേരള പ്ലസ്ടു വിദ്യാർഥികൾക്ക് ഡൽഹിയിൽ പ്രവേശന തടസ്സം; ഹയർ സെക്കൻഡറി ബോർഡിന് അംഗീകാരമില്ലെന്ന് ചില കോളജുകൾ
Mail This Article
ന്യൂഡൽഹി ∙ കേരളത്തിലെ ഹയർ സെക്കൻഡറി ബോർഡിനു അംഗീകാരമില്ലെന്നും അംഗീകൃത ബോർഡുകളുടെ പട്ടികയിൽ ഉൾപ്പെടുന്നില്ലെന്നും കാട്ടി മലയാളി വിദ്യാർഥികൾക്ക് ഡൽഹി സർവകലാശാലയിലെ ചില കോളജുകളിൽ പ്രവേശനം നിഷേധിക്കുന്നു. കേരള പ്ലസ്ടു സർട്ടിഫിക്കറ്റിൽ ‘കേരള ബോർഡ് ഓഫ് ഹയർ സെക്കൻഡറി എക്സാമിനേഷൻ’ എന്നു രേഖപ്പെടുത്തിയിരിക്കുന്നതാണ് പ്രതിസന്ധിയാകുന്നത്. രാജ്യത്തെ സ്കൂൾ ബോർഡുകളുടെ അംഗീകാരം വ്യക്തമാക്കുന്ന കൗൺസിൽ ഓഫ് ബോർഡ്സ് ഓഫ് സ്കൂൾ എജ്യുക്കേഷന്റെ (സിഒബിഎസ്ഇ) വെബ്സൈറ്റിൽ ഇതിന് ‘കേരള ബോർഡ് ഓഫ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ’ എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. പേരുകളിലെ ഈ വ്യത്യാസമാണ് പ്രവേശനത്തിന് തടസ്സമായി ഉന്നയിക്കുന്നത്.
സിയുഇടി–യുജിയുടെ അടിസ്ഥാനത്തിൽ ഡിയു ഒന്നാം വർഷ പ്രവേശനത്തിനുള്ള അലോട്മെന്റിനായി എത്തിയവരെയാണ് കോളജുകൾ മടക്കി അയച്ചത്. ഡിയുവിലെ ഹൻസ്‌രാജ്, ദയാൽ സിങ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ബോർഡിന് അംഗീകാരമില്ലെന്ന കാരണത്താൽ പ്രവേശനം നിഷേധിക്കുന്നുണ്ട്. ചില സ്ഥാപനങ്ങൾ വിദ്യാർഥികളുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ഫീസ് അടച്ച് അഡ്മിഷൻ ഉറപ്പിക്കാൻ അനുമതി നൽകി. ആദ്യ ഘട്ട അലോട്മെന്റ് ഉറപ്പാക്കിയാൽ മാത്രമേ രണ്ടാം ഘട്ടത്തിൽ ഹയർ ഓപ്ഷനും മറ്റും അവസരമുള്ളു.
പരിഹരിക്കാതെ വിദ്യാഭ്യാസ വകുപ്പ്
മുൻ വർഷങ്ങളിലും ഈ പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിലും വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ അനാസ്ഥയാണ് ഇത് ആവർത്തിക്കാൻ കാരണം. ഡൽഹി സർവകലാശാലയ്ക്ക് വസ്തുത വിശദീകരിച്ച് ഒരു സന്ദേശം നൽകിയാൽ ഈ ആശയക്കുഴപ്പം തീരും. ബോർഡിന്റെ പേര് തിരുത്തണമെന്ന ആവശ്യം മുൻപ് ഉയർന്നിരുന്നു.