ADVERTISEMENT

തിരുവനന്തപുരം ∙ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കു നൽകുന്ന കത്തുകൾക്കൊന്നും പ്രതികരണമില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ടാണ് ഒടുവിലത്തെ കത്തയച്ചത്. ഇതിനോടും സർക്കാർ പ്രതികരിച്ചിട്ടില്ല. പ്രതിപക്ഷ നേതാവ് രേഖാമൂലം ചൂണ്ടിക്കാട്ടുന്ന വിഷയങ്ങൾ ഗൗരവത്തോടെ പരിശോധിക്കുകയും മറുപടി അറിയിക്കുകയും ചെയ്യുന്നതാണു മുൻകാലങ്ങളിലെ രീതിയെങ്കിലും പിണറായി സർക്കാർ വന്ന ശേഷം അതുണ്ടായില്ലെന്നാണു പ്രതിപക്ഷത്തിന്റെ ആക്ഷേപം.

കഴിഞ്ഞ 5 മാസത്തിനിടെ അഞ്ചിലധികം കത്തുകൾ പ്രതിപക്ഷ നേതാവ് സർക്കാരിനു നൽകി. യുഡിഎഫിന്റെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരദേശ ഹൈവേ പദ്ധതിയുടെ ആശങ്ക ചൂണ്ടിക്കാട്ടിയും പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുമുള്ള കത്ത് ജൂലൈ 26നു നൽകി. കഴക്കൂട്ടം സബ്ട്രഷറിയിൽ തട്ടിപ്പുണ്ടായപ്പോൾ, അവകാശികളില്ലാത്ത അക്കൗണ്ടുകളുടെ കാര്യത്തിൽ ഗൗരവത്തോടെയുള്ള നടപടി ആവശ്യപ്പെട്ട് ജൂൺ 16നു കത്തു നൽകി. ഉഷ്ണ തരംഗത്തിൽ മരിച്ചവരുടെ ആശ്രിതർക്കും കൃഷി നശിച്ച കർഷകർക്കും നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു മേയ് 7ലെ കത്ത്. കത്ത് കിട്ടിയെന്നതിനപ്പുറമുള്ള മറുപടി ഇതിലൊന്നിനുമുണ്ടായില്ല. 

മുഖ്യമന്ത്രിക്കു മാത്രമല്ല, മന്ത്രിമാർക്കും സ്പീക്കർക്കും അയയ്ക്കുന്ന കത്തുകളോടും അവഗണനയുണ്ട്. തദ്ദേശ വാർഡ് വിഭജന ബിൽ ചർച്ച കൂടാതെ നിയമസഭയിൽ പാസാക്കിയതിനെതിരെ ജൂൺ 10നു സ്പീക്കർക്കു കത്തു നൽകിയിരുന്നു. സഭയ്ക്കു പുറത്തു പ്രതിപക്ഷ നേതാവിനെതിരെ വിമർശനമുന്നയിച്ച സ്പീക്കർ കത്തിനു മറുപടി നൽകിയില്ല. ബാർ കോഴ ആരോപണത്തിൽ വിജിലൻസ് അന്വേഷണമാവശ്യപ്പെട്ടു ജൂൺ 10നു വിജിലൻസ് മേധാവിക്കു കത്തു നൽകിയിരുന്നു. ഈ കത്ത് എക്സൈസ് വകുപ്പിന് അയച്ചുകൊടുക്കുകയാണ് വിജിലൻസ് ചെയ്തത്.

ചില ബാറുടമകൾ അയച്ച പേരില്ലാത്ത കത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസിന്റെ ആഭ്യന്തര വിജിലൻസ് നടത്തിയിരുന്ന അന്വേഷണത്തിൽ പ്രതിപക്ഷ നേതാവിന്റെ കത്തും ഉൾപ്പെടുത്തുകയാണു സർക്കാർ ചെയ്തത്. അന്വേഷണം സംബന്ധിച്ച ഒരു മറുപടിയും പ്രതിപക്ഷ നേതാവിന്റെ ഓഫിസിനു നൽകിയതുമില്ല.

English Summary:

No response to letters sent by opposition leader to Chief Minister on various issues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com