പെൻഷൻ: കേരളത്തിൽ തടസ്സമേറെ; പ്രശ്നം സർക്കാർ വിഹിതം
Mail This Article
തിരുവനന്തപുരം ∙ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച്, പകരം സംസ്ഥാന സർക്കാർ നടപ്പാക്കാൻ ആലോചിക്കുന്ന പെൻഷൻ പദ്ധതി ശമ്പളത്തിന്റെ നിശ്ചിത ശതമാനം പെൻഷൻ നൽകുന്ന മാതൃകയിലാകും. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുതിയ ഏകീകൃത പെൻഷൻ പദ്ധതിയിലെപ്പോലെ (യുപിഎസ്) അവസാനം വാങ്ങിയ ശമ്പളത്തിന്റെ പകുതി തുകയെങ്കിലും പെൻഷനായി നൽകാൻ കഴിയുമോ എന്നാണ് സർക്കാർ ആലോചിക്കുന്നത്.
എന്നാൽ, കേന്ദ്രം നിശ്ചയിച്ചതു പോലെ പെൻഷൻ ഫണ്ടിലേക്കുള്ള സർക്കാർ വിഹിതം 18.5% ആയി വർധിപ്പിക്കുന്ന കാര്യം സംസ്ഥാന സർക്കാരിന് ആലോചിക്കാൻ പോലും കഴിയില്ല. നിലവിലെ പങ്കാളിത്ത പെൻഷൻ പദ്ധതിയനുസരിച്ച് ജീവനക്കാരുടെ വിഹിതം 10% ആയും സർക്കാർ വിഹിതം 14% ആയുമാണു കേന്ദ്രം നിശ്ചയിച്ചത്. എന്നാൽ, കേരളം ഇപ്പോഴും 10% മാത്രമാണ് സർക്കാർ വിഹിതമായി നൽകുന്നത്.
എന്നാൽ, സർക്കാർ വിഹിതം കാര്യമായി ഉയർത്താൻ കഴിയാത്തതിനാൽ പെൻഷൻ ഫണ്ടിൽ നിന്നുള്ള പണം കൊണ്ടു മാത്രം ഭാവിയിൽ ശമ്പളത്തിന്റെ പകുതി പെൻഷൻ ഉറപ്പാക്കാൻ കേരളത്തിനു കഴിയില്ല. അതിനാൽ, സർക്കാർ വിഹിതം വർധിപ്പിക്കുകയോ ജീവനക്കാരുടെയും സർക്കാരിന്റെയും വിഹിതം ഒരുമിച്ചു കൂട്ടുകയോ ചെയ്തേക്കാം. നിലവിൽ സ്റ്റാറ്റ്യൂട്ടറി പെൻഷനു കീഴിൽ മൂന്നേ കാൽ ലക്ഷവും പങ്കാളിത്ത പെൻഷനു കീഴിൽ 2 ലക്ഷവും സർക്കാർ ജീവനക്കാരുമാണു കേരളത്തിലുള്ളത്.
സ്റ്റാറ്റ്യൂട്ടറി പെൻഷൻ
അവസാന 10 മാസത്തെ അടിസ്ഥാന ശമ്പളത്തിന്റെ ശരാശരിയെ 2 കൊണ്ട് ഹരിക്കും. ഇൗ തുകയെ ആകെ സേവനവർഷങ്ങൾകൊണ്ടു ഗുണിച്ചശേഷം 30 കൊണ്ട് ഹരിക്കും. ഇതാണു പ്രതിമാസ പെൻഷൻ. അവസാനം വാങ്ങിയ ശമ്പളത്തിന്റെ പകുതിയോളം തുക ലഭിക്കും. വർഷം 2 തവണ ക്ഷാമാശ്വാസവും ലഭിക്കും.
പങ്കാളിത്ത പെൻഷൻ
അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 10% വീതം ജീവനക്കാരും സർക്കാരും പെൻഷൻ ഫണ്ടിൽ നിക്ഷേപിക്കുന്നു. 60–ാം വയസ്സിൽ വിരമിക്കുമ്പോൾ 60% തുക വരെ വേണമെങ്കിൽ പിൻവലിക്കാം. ബാക്കി 40% അക്കൗണ്ടിൽ നിലനിർത്തും. ഇൗ തുകയിൽ നിന്ന് ഏതുതരം പെൻഷൻ സ്കീം വേണമെന്നു തിരഞ്ഞെടുക്കാം. മിനിമം പെൻഷനും ക്ഷാമാശ്വാസവുമില്ല.
ഏകീകൃത പെൻഷൻ
പെൻഷൻ ഫണ്ടിലേക്കുള്ള ജീവനക്കാരുടെ വിഹിതം 10%. സർക്കാർ വിഹിതം 18.5%. അടിസ്ഥാന ശമ്പളത്തിന്റെ പകുതി തുക പെൻഷനായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കും. മിനിമം പെൻഷൻ 10,000 രൂപ. വർഷത്തിൽ 2 തവണ ക്ഷാമാശ്വാസം.
കേരളത്തിന്റെ തീരുമാനം വൈകില്ല
കേരളം പുതിയ പെൻഷൻ പദ്ധതി നടപ്പാക്കുന്ന കാര്യം വൈകാതെ പരിശോധിക്കും. കേന്ദ്രം പ്രഖ്യാപിച്ച ഏകീകൃത പെൻഷൻ പദ്ധതിയുടെ നേട്ടങ്ങൾ പുറത്തു പറയുന്നുണ്ടെങ്കിൽ അതിന്റെ ഫോർമുല ഇനിയും വ്യക്തമാക്കിയിട്ടില്ല. നിശ്ചിത തുക പെൻഷൻ ഉറപ്പാക്കുന്ന പദ്ധതിയാണു കേരളവും ആലോചിക്കുന്നത്.- മന്ത്രി കെ.എൻ.ബാലഗോപാൽ