രഞ്ജിതിന്റെ രാജി: മാസ് ഡയലോഗും ഏറ്റില്ല; ‘ഇടതുമറ’ ഇത്തവണ പാളി
Mail This Article
തിരുവനന്തപുരം ∙ ഗുരുതരമായ ആരോപണങ്ങളുയരുമ്പോൾ സിപിഎമ്മിനെയും എൽഡിഎഫിനെയും കൂട്ടുപിടിച്ചു രക്ഷപ്പെടാറുള്ള സംവിധായകൻ രഞ്ജിത്തിന്റെ പതിവുശ്രമം ഇത്തവണ പാളി. സിനിമയിൽ ഒട്ടേറെ മാസ് ഡയലോഗുകളുടെ രചയിതാവായ രഞ്ജിത് പൊതുജീവിതത്തിലും വിവാദങ്ങളെ നേരിടാൻ ഇത്തരം വാക്കുകളാണു പ്രയോഗിച്ചിരുന്നത്.
ലിജോ ജോസ് പെല്ലിശേരിയുടെ മമ്മൂട്ടിച്ചിത്രമായ ‘നൻപകൽ നേരത്തു മയക്ക’ത്തിനു സീറ്റ് കിട്ടാത്തതിനെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളുടെ ഭാഗമായി 2022 ഡിസംബറിൽ തിരുവനന്തപുരത്തു 27–ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിൽ തന്റെ പ്രസംഗം തുടങ്ങിയപ്പോൾ മുതൽ കൂവിവിളിച്ച സദസ്സിനെ നേരിടാൻ രഞ്ജിത് ഉപയോഗിച്ചത് എസ്എഫ്ഐ ബന്ധമായിരുന്നു. കൂവിയവരെ നായ്ക്കളോട് ഉപമിക്കുകയും ചെയ്തു.
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചതിനു പിന്നാലെ പുറത്തുവിട്ട ഓഡിയോ സന്ദേശത്തിലും രഞ്ജിത് സിപിഎമ്മിനെ ചാരി. ആരോപണം സിപിഎമ്മിനും സർക്കാരിനുമെതിരെയുള്ള നീക്കങ്ങളുടെ ഭാഗമാണെന്നും താൻ കാരണം സർക്കാരിന്റെ പ്രതിഛായയ്ക്ക് ഒരു കോട്ടവും ഉണ്ടാകില്ലെന്നുമായിരുന്നു സന്ദേശം.
സംവിധായകൻ ഡോ.ബിജുവിന്റെ ‘അദൃശ്യജാലകങ്ങൾ’ എന്ന സിനിമയ്ക്ക് തിയറ്ററിൽ ആളു കയറുന്നില്ലെന്നും സ്വന്തം പ്രസക്തിയെന്തെന്ന് അദ്ദേഹം ചിന്തിക്കണമെന്നും 2023ലെ ഐഎഫ്എഫ്കെയുടെ ഭാഗമായി നൽകിയ അഭിമുഖത്തിൽ നടത്തിയ വിവാദ പരാമർശം, രഞ്ജിത്തിനെതിരെ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. നടൻ ഭീമൻ രഘുവിനെതിരായ വ്യക്തിപരമായ അധിക്ഷേപവും സുരേഷ് ഗോപിയെക്കുറിച്ചുള്ള പരാമർശങ്ങളും വിവാദമായി.
2022 ലെ ചലച്ചിത്ര അവാർഡ് നിർണയത്തിൽ രഞ്ജിത് അനധികൃതമായി ഇടപെട്ടെന്നു തെളിയിക്കുന്ന ശബ്ദരേഖകളും ജൂറി അംഗങ്ങളുടെ വെളിപ്പെടുത്തലും പുറത്തു വന്നിട്ടും സർക്കാരും സാംസ്കാരികമന്ത്രിയും രഞ്ജിത്തിനെ സംരക്ഷിച്ചു.