ADVERTISEMENT

കൊച്ചി ∙ അശ്വിനിയുടെ ഹൃദയത്തുടിപ്പാണു ‘ഹൃദയപൂർവം’. 2004ൽ പത്തു മാസം പ്രായമുള്ളപ്പോൾ മുതൽ ഹൃദയപൂർവത്തിന്റെ സ്നേഹം തൊട്ടറിഞ്ഞവർ. 20 വർഷത്തിനിടയിൽ 4 തവണ ഹൃദയപൂർവം പദ്ധതിയുടെ ഭാഗമായി ശസ്ത്രക്രിയയ്ക്കു വിധേയമായി. ഇപ്പോൾ ബിരുദത്തിനു പഠിക്കുന്നു.

എറണാകുളത്തെ തീരദേശവാസിയായ അശ്വിനിക്കു ജന്മനാ ഹൃദയ സംബന്ധമായ അസുഖമായിരുന്നു. മൂത്ത സഹോദരിയുടെ മരണവും ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്നായിരുന്നു. കോട്ടയം മെഡിക്കൽ കോളജിലായിരുന്നു ആദ്യ കാല ചികിത്സകൾ. ശസ്ത്രക്രിയ നിർദേശിച്ചിരുന്നെങ്കിലും കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നടന്നില്ല.

ഇതിനിടയിലാണു മലയാള മനോരമയുടെ ‘ഹൃദയപൂർവം’ പദ്ധതിയെക്കുറിച്ച് അറിഞ്ഞത്. 2004ൽ ക്യാംപിൽ പങ്കെടുത്തു. എത്രയും പെട്ടെന്നു ശസ്ത്രക്രിയ നടത്താനായിരുന്നു ഡോക്ടർമാരുടെ തീരുമാനം. തുടർന്നു മദ്രാസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്യാംപിൽ പങ്കെടുത്തു 2 മാസത്തിനകം വിദേശത്തു നിന്നെത്തിച്ച വാൽവ് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയിലൂടെ മാറ്റിവച്ചു. 2006ൽ വീണ്ടും ശസ്ത്രക്രിയ. 2012ലും 2022ലും താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ സ്റ്റെന്റ് സ്ഥാപിച്ചു. എല്ലാ ശസ്ത്രക്രിയകളും ‘ഹൃദയപൂർവം’ പദ്ധതിയിലൂടെ പൂർണമായും സൗജന്യമായാണു നടത്തിയത്. 

‘സാമ്പത്തിക ബുദ്ധിമുട്ടുള്ള സാധാരണക്കാരായ ആളുകൾക്കു സൗജന്യമായ ഹൃദയ ശസ്ത്രക്രിയകൾ നടത്തി അവരെ നെഞ്ചോടു ചേർത്തുപിടിച്ച പദ്ധതിയാണു ഹൃദയപൂർവം’– അശ്വിനിയുടെ പിതാവ്  പറയുന്നു.

മലയാള മനോരമയും മദ്രാസ് മെഡിക്കൽ മിഷനും ചേർന്നു സംഘടിപ്പിക്കുന്ന ‘ഹൃദയപൂർവം’ പദ്ധതി കരുതലോടെ ചേർത്തുപിടിച്ചവരിൽ ഒരാളാണ് അശ്വിനി. 25 വർഷം പൂർത്തിയാക്കുന്ന പദ്ധതിയിലൂടെ ഇതിനകം ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയരായതു 2400 പേർ; ഇതിൽ 1500 കുട്ടികൾ. 

കൊച്ചി ക്യാംപ് 31 മുതൽ; റജിസ്ട്രേഷൻ തുടരുന്നു

ഹൃദയപൂർവം ഹൃദയ പരിശോധനാ ക്യാംപിലേക്കുള്ള റജിസ്ട്രേഷൻ തുടരുന്നു. ഓഗസ്റ്റ് 31നും സെപ്റ്റംബർ ഒന്നിനും കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിനു സമീപമുള്ള ലയൺസ് ക്ലബ് കമ്യൂണിറ്റി സെന്ററിലാണു ക്യാംപ്. മദ്രാസ് മെഡിക്കൽ മിഷനിലെ വിദഗ്ധ ഡോക്ടർമാർ നേതൃത്വം നൽകും. ഇന്നു വരെ റജിസ്റ്റർ ചെയ്യാം.

ഇസിജി, എക്കോ, ട്രെഡ്മിൽ ടെസ്റ്റ് തുടങ്ങിയ പരിശോധന സൗകര്യങ്ങൾ ക്യാംപിലുണ്ടാകും. പ്രതിവർഷ വരുമാനം 60,000 രൂപയിൽ താഴെയുള്ള കുടുംബങ്ങളിലെ ഹൃദ്രോഗികൾക്കാണു പരിശോധനയ്ക്കും സൗജന്യ ഹൃദയ ശസ്‌ത്രക്രിയയ്‌ക്കും അർഹത. ക്യാംപിലെ പരിശോധനയുടെ അടിസ്ഥാനത്തിൽ വിദഗ്ധ ഡോക്ടർമാർ ശസ്ത്രക്രിയ ആവശ്യമുള്ളവരുടെ മുൻഗണനാ പട്ടിക തയാറാക്കും.

വിവരങ്ങൾക്ക്: 98953 99491. (പ്രവൃത്തി ദിനങ്ങളിൽ രാവിലെ 10 മുതൽ 6 വരെ പേരുകൾ റജിസ്റ്റർ ചെയ്യാം).

English Summary:

Story of Aswini who was part of Hridayapoorvam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com