ADVERTISEMENT

തിരുവനന്തപുരം ∙ കണ്ണീരോടെ വാരിപ്പുണർന്ന അച്ഛനോടു ചേർന്നുനിന്ന് അവൾ അമ്മയെ നോക്കി. അടുത്തു നിന്ന 2 സഹോദരിമാരെയും. സങ്കടം തുളുമ്പി നിന്ന അന്തരീക്ഷത്തിലും അസം ബാലിക തന്റെ അഭിപ്രായത്തിൽ ഉറച്ചു നിന്നു. ‘വീട്ടിലേക്കു പോകേണ്ട’. വീടുവിട്ടിറങ്ങിയ പതിമൂന്നുകാരിയെ അച്ഛനും അമ്മയും സഹോദരിമാരും കണ്ട നിമിഷങ്ങൾ ഇങ്ങനെയായിരുന്നു. വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തിയ കുട്ടിയെ ഞായറാഴ്ച രാത്രി തലസ്ഥാനത്ത് എത്തിച്ചു. ഇന്നലെ പൂജപ്പുര ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (സിഡബ്ല്യുസി) സിറ്റിങ്ങിൽ ഹാജരാക്കി.

രക്ഷിതാക്കൾക്കൊപ്പം പോകാൻ താൽപര്യം ഉണ്ടോയെന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ആദ്യ ഉത്തരം. ആവർത്തിച്ചു ചോദിച്ചെങ്കിലും നിലപാടിൽ ഉറച്ചുനിന്നു. ഇതിനു ശേഷമാണ് രക്ഷിതാക്കളെയും സഹോദരങ്ങളെയും കുട്ടി കണ്ടത്.

10 ദിവസം സിഡബ്ല്യുസിയുടെ ബാലികാ സദനത്തിൽ പാർപ്പിച്ച് കുട്ടിക്ക് കൗൺസലിങ് നൽകാനാണു തീരുമാനം. രക്ഷിതാക്കൾക്കും കൗൺസലിങ് നൽകും. തുടർന്ന് കുട്ടിയുടെ മനസ്സു മാറുന്നെങ്കിൽ രക്ഷിതാക്കൾക്കൊപ്പം വിടും. നിലവിലെ നിലപാടു തുടരുകയാണെങ്കിൽ സർക്കാരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് സിഡബ്ല്യുസി ജില്ല ചെയർപഴ്സൻ ഷാനിബാ ബീഗം പറഞ്ഞു. 

മകൾ വീട്ടിലേക്കു വരാത്തതിൽ അച്ഛനു വിഷമമുണ്ട്. സിഡബ്ല്യുസിയുടെ സംരക്ഷണയിൽ കഴിയുന്നതിൽ അമ്മയ്ക്ക് എതിർപ്പില്ല. മൂന്നു കുട്ടികളെയും സിഡബ്ല്യുസിയിൽ നിർത്താമെന്നു പറഞ്ഞെങ്കിലും അച്ഛനു താൽപര്യമില്ല. അമ്മയ്ക്കു സമ്മതവുമാണ്.

ചൊവ്വാഴ്ചയാണു കുട്ടി വീടുവിട്ട് ഇറങ്ങിയത്. മൂന്നു സംസ്ഥാനങ്ങളിലൂടെ 37 മണിക്കൂർ കൊണ്ട് 1,650 കിലോമീറ്റർ സഞ്ചരിച്ച കുട്ടിയെ മലയാളികളുടെ കൂട്ടായ്മ വിശാഖപട്ടണത്ത് ട്രെയിനിൽ ബുധനാഴ്ച രാത്രി 10നു കണ്ടെത്തി. കഴക്കൂട്ടത്തെ സ്കൂളിൽ ഒരു വർഷമായി കൃഷിപ്പണി ചെയ്യുന്ന ഭർത്താവിനൊപ്പം താമസിക്കാൻ ഒരു മാസം മുൻപാണ് യുവതിയും കുട്ടികളും അസമിൽ  നിന്ന് എത്തിയത്. 

‘അമ്മ അടിച്ചു, മനം നൊന്ത് വീടു വിട്ടു, പേടി തോന്നിയില്ല’

(കുട്ടിയോട് സംസാരിച്ച ഷാനിബാ ബീഗം പറഞ്ഞതിൽ ‍നിന്ന്)

∙ ഇളയകുട്ടികളുമായി വഴക്കുണ്ടാവുമ്പോഴെല്ലാം അമ്മ അടിച്ചു. അതിൽ വിഷമം ഉണ്ടായിരുന്നു. അസമിലേക്കു പോകണമെന്നായിരുന്നു തോന്നൽ. ആരോടും വഴി ചോദിച്ചില്ല. സ്ഥലമൊന്നും അറിയില്ലെങ്കിലും ഒട്ടും പേടി ഇല്ലായിരുന്നു. അമ്മയുടെ ബാഗിൽ നിന്നു 150 രൂപ എടുത്തു. കഴക്കൂട്ടത്തു നിന്ന് ബസിൽ കയറി. റെയിൽവെ സ്റ്റേഷനിൽ ആദ്യം കണ്ട ട്രെയിനിൽ കയറി. 

ട്രെയിനിലെ ഒരു സ്ത്രീ ബിരിയാണി വാങ്ങിത്തന്നു. ആരും ഒന്നും ചോദിച്ചില്ല. ആരോടും സംസാരിച്ചുമില്ല. ശുചിമുറിയിൽ പോകുമ്പോൾ രണ്ട് ആൺകുട്ടികൾ മൊബൈലിൽ ഫോട്ടോ എടുത്തു. എടുക്കരുതെന്ന് പറഞ്ഞപ്പോൾ അവർ പിന്തിരിഞ്ഞു. 

കന്യാകുമാരിയിൽ വച്ച് ട്രെയിൻ മാറിക്കയറി. അറിയാതെ ഉറങ്ങിപ്പോയി. വിശാഖപട്ടണത്ത് എത്തിയപ്പോഴാണ് ഉണർന്നത്. കേരളത്തിൽ തന്നെ നിൽക്കണം, പഠിക്കണം. പക്ഷേ, രക്ഷിതാക്കൾക്കൊപ്പം പോകാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ല.

English Summary:

Assam girl about her return to home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com